ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ‘ഹരിത ബൂത്തുകള്‍’; ഏറ്റവും നല്ല ബൂത്തിന് ജില്ലാ തലത്തില്‍ സമ്മാനം


കോഴിക്കോട്: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്തവണ ‘ഹരിത പോളിങ് ബൂത്തുകള്‍’. ശുചിത്വ മിഷന്റെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടക്കുന്ന പോളിങ് ബൂത്തുകള്‍ മാലിന്യ മുക്തമാക്കുന്നത്.

പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാനാണ് ലക്ഷ്യം. അതിനായി ബൂത്ത് തലത്തില്‍ മാലിന്യം തരംതിരിച്ച് സൂക്ഷിക്കാന്‍ പ്രത്യേക ബിന്നുകള്‍ സ്ഥാപിക്കും. ഇവയില്‍ നിന്നുള്ള മാലിന്യം ഹരിത കര്‍മസേന ശേഖരിക്കും. ബൂത്ത് തല പ്രവര്‍ത്തനങ്ങള്‍ക്കായി വളയന്റിയന്മാര്‍ക്ക് ഉടന്‍ പരിശീലനം നല്‍കും.

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് ഹരിതചട്ടപാലനം സംബന്ധിച്ച് പരിശീലനം നല്‍കികഴിഞ്ഞു. ഫ്‌ളക്‌സ് പ്രിന്റിങ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ യോഗം സംഘടിപ്പിച്ചു. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗങ്ങളിലും പരിശീലന പരിപാടികളിലും നിരോധിത പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍, പ്ലേറ്റുകള്‍, പ്ലാസ്റ്റിക് വസ്തുക്കള്‍ തുടങ്ങിയവ ഉപയോഗിക്കില്ലെന്ന് ഉറപ്പ് വരുത്തും.

പോളിങ് ദിവസം ഉദ്യോഗസ്ഥര്‍ക്ക് ഹരിത ചട്ടം പാലിച്ച് മാത്രമേ ഭക്ഷണം വിതരണം ചെയ്യൂം എന്ന് ഉറപ്പാക്കും. മാത്രമല്ല ചട്ടങ്ങള്‍ പാലിച്ച് പ്രവര്‍ത്തിച്ച ഏറ്റവും നല്ല ഹരിത ബൂത്തുകള്‍ക്ക് ജില്ലാ തലത്തില്‍ ഉപഹാരവും നല്‍കും. ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ 12 കേന്ദ്രങ്ങളില്‍ ഹരിത ഇലക്ഷന്‍ സംബന്ധിച്ച് തെരുവു നാടകം സംഘടിപ്പിക്കുമെന്നും ജില്ലാ ശുചിത്വമിഷന്‍ കോ ഓര്‍ഡിനേറ്റര്‍ എം ഗൗതമന്‍ അറിയിച്ചു.