പ്ലസ്ടു പരീക്ഷാ ഫലത്തില്‍ അപാകതയുണ്ടെന്ന് സ്വന്തം യൂട്യൂബ് ചാനലിലൂടെ വ്യാജ പ്രചാരണം നടത്തി; കൊല്ലം സ്വദേശിയായ ബി.ജെ.പി പഞ്ചായത്തംഗം അറസ്റ്റില്‍


തിരുവനന്തപുരം: പ്ലസ് ടു പരീക്ഷാ ഫലത്തില്‍ അപാകതയുണ്ടെന്ന് വ്യാജ പ്രചാരണം നടത്തിയ ബി.ജെ.പി. പഞ്ചായത്തംഗം അറസ്റ്റില്‍. കൊല്ലം പോരുവഴി പഞ്ചായത്തംഗം നിഖില്‍ മനോഹറാണ് പിടിയിലായത്. തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

പ്ലസ് ടു ഫലം പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു ഇയാള്‍ തന്റെ യൂട്യൂബ് ചാനല്‍ വഴി തെറ്റായ പ്രചാരണം നടത്തിയത്. സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച പ്ലസ്ടു ഫലത്തില്‍ വലിയ അപാകതയുണ്ടെന്നും ഇത് പിന്‍വലിച്ച് പുതിയ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുമെന്നായിരുന്നു പ്രചാരണം. തെറ്റായ പ്രചാരണം ശ്രദ്ധയില്‍പ്പെട്ടതോടെ വിദ്യാഭ്യാസ വകുപ്പ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

തിരുവനന്തപുരം കന്റോണ്‍മെന്റ് സി.ഐ ഷാഫിയുടെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രചാരണം നടത്തിയത് നിഖില്‍ മനോഹറാണെന്ന് കണ്ടെത്തിയത്. അറസ്റ്റു ചെയ്ത പ്രതിയെ വൈദ്യപരിശോധനയ്ക്കു ശേഷം ഇന്നുതന്നെ കോടതിയില്‍ ഹാജരാക്കും.