വീരവഞ്ചേരി എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷം മെയിൽ തുടങ്ങും; ഏഴ് മാസം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ വൈവിധ്യമായ പരിപാടികൾ; സ്വാഗതസംഘം രൂപീകരിച്ചു


കൊയിലാണ്ടി: നൂറു വർഷം പൂർത്തിയാവുന്ന വീരവഞ്ചേരി എൽ.പി സ്കൂളിന്റെ ശതാബ്ദി ആഘോഷത്തിന് മെയ് മാസത്തിൽ തുടക്കമാകും. ഏഴ് മാസം നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഡിസംബർ അവസാനം സമാപന സെറിമണിയോടെയാണ് അവസാനിക്കുക. ശതാബ്ദി ആഘോഷത്തിനായി സ്വാഗതസംഘം രൂപീകരിച്ചു.

പി.ടി.എ പ്രസിഡന്റ് ജിനേഷ് പുതിയോട്ടിലിന്റെ അധ്യക്ഷതയിൽ മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാറാണ് യോഗം ഉദ്ഘാടനം ചെയ്തത്. വടകര എം.പി കെ.മുരളീധരൻ, കൊയിലാണ്ടി എം.എൽ.എ കാനത്തിൽ ജമീല, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി.ശിവാനന്ദൻ, മൂടാടി പഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാർ എന്നിവരാണ് മുഖ്യരക്ഷാധികാരികൾ.

ജിനേഷ് പുതിയോട്ടിലാണ് സ്വാഗതസംഘത്തിന്റെ ചെയർമാൻ. പ്രധാനാധ്യാപിക ഗീത കുതിരോടിയാണ് കൺവീനർ. ട്രഷററായി ശ്രീധരനെയും തിരഞ്ഞെടുത്തു. 201 അംഗ സ്വാഗതസംഘമാണ് രൂപീകരിച്ചത്.

ബ്ലോക്ക് മെമ്പർ കെ.ജീവാനന്ദൻ മാസ്റ്റർ, പഞ്ചായത്ത് വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഭാസ്കരൻ ടി.കെ, വാർഡ് മെമ്പർമാരായ റജുല, രവി വി.കെ, എ.ഇ.ഒ ഗോവിന്ദൻ മാസ്റ്റർ, എസ്.എസ്.ജി കൺവീനർ ഒ.രാഘവൻ മാസ്റ്റർ, മാനേജ്മെൻറ് പ്രതിനിധി ചന്ദ്രൻ നായർ, വിവിധ രാഷ്ട്രിയ പ്രതിനിധികൾ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. ചടങ്ങിന് സ്വാഗതം ഗീത ടീച്ചറും നന്ദി ധിലീജ ടീച്ചറും പറഞ്ഞു.