‘ചുരവും ഹെയര്‍പിന്‍ വളവുകളുമില്ലാതെ വയനാട്ടിലെത്തണം’; വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം


വടകര: വയനാട്ടിലേക്ക് ചുരവും ഹെയർപിൻ വളവുകളുമില്ലാതെ എളുപ്പത്തിൽ എത്താൻ കഴിയുന്ന വയനാട് ബദൽ റോഡ് യാഥാർഥ്യമാക്കണമെന്ന് താലൂക്ക് വികസന സമിതി യോഗം ആവശ്യപ്പെട്ടു.

കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാത്തതാണ് ആവശ്യം നടക്കാതെ പോയതിന് പിന്നിൽ. അഞ്ച് കിലോമീറ്റർ ദൂരത്തിൽ എലിവേറ്റഡ് പാത നിർമ്മിച്ചാൽ പരിസ്ഥിതിക്ക് കോട്ടം വരാതെ റോഡ് നിർമ്മിക്കാം. സമിതി അംഗം സുരേഷ് ബാബുവാണ് പ്രശ്നം താലൂക്ക് വികസന സമിതിയിൽ ഉന്നയിച്ചത്.

അപകടത്തിൽ പെടുന്ന മത്സ്യ തൊഴിലാളികളുടെ ജീവൻ രക്ഷിക്കാൻ കടലോര മേഖലയിലെ മത്സ്യ തൊഴിലാളികൾക്ക് ശാസ്ത്രീയ പരിശീലനം നൽകൽ, അഴിയൂർ സുനാമി കോളനിയിൽ അടിസ്ഥാന സൗകര്യം വർദ്ധിപ്പിക്കൽ, കോളനിയിലെ കുടിവെള്ളം പ്രശ്നം പരിഹരിക്കൽ, അഴിയൂർ മുതൽ പുതുപ്പണം വരെ ദേശീയ പാതയിലെ ഓവുചാൽ നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കാൻ യോഗം വിളിക്കുന്ന കാര്യം കലക്ടറുടെ ശ്രദ്ധയിൽ പെടുത്തൽ തുടങ്ങിയവയും അംഗങ്ങൾ യോഗത്തിൽ ഉന്നയിച്ചു.

ചോറോട് പഞ്ചായത്ത് പ്രസിഡൻ്റ് പി.പി ചന്ദ്രശേഖരൻ അധ്യക്ഷനായി. സമിതി അംഗങ്ങളായ പി സുരേഷ് ബാബു, പ്രദീപ് ചോമ്പാല, പുറന്തോടത്ത് സുകുമാരൻ, ബാബു പറമ്പത്ത്, ബാബു ഒഞ്ചിയം, സി കെ കരീം, പി.പി രാജൻ, പി.എം. മുസ്തഫ, ടി കെ സിബി, തഹസിൽദാർ വർഗ്ഗീസ് കുര്യൻ എന്നിവർ സംസാരിച്ചു.