പേരാമ്പ്ര സ്വദേശി രാജീവന്‍ മമ്മിളിയ്ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാറിന്റെ അംഗീകാരം


പേരാമ്പ്ര: പേരാമ്പ്ര സ്വദേശി രാജീവന്‍ മമ്മിളിയ്ക്ക് വീണ്ടും സംസ്ഥാന സര്‍ക്കാറിന്റെ നാടക പുരസ്‌കാരം. കേരള സംഗീത നാടക അക്കാദമി സംസ്ഥാന പ്രൊഫഷണല്‍ നാടക മത്സരത്തില്‍ മികച്ച രണ്ടാമത്തെ സംവിധായകനുള്ള അവാര്‍ഡിനാണ് രാജീവന്‍ മമ്മിളി അര്‍ഹനായത്. ഇത് ഏഴാം തവണയാണ് രാജീവന്‍ മമ്മിളിയ്ക്ക് സംസ്ഥാന സര്‍ക്കാറിന്റെ പുരസ്‌കാരം ലഭിക്കുന്നത്.

കൊച്ചിന്‍ ചന്ദ്രകാന്തയുടെ നത്ത് മാത്തന്‍ ഒന്നാം സാക്ഷി എന്ന നാടകത്തിന്റെ സംവിധാനത്തിനാണ് പുരസ്‌കാരം. 20 വര്‍ഷമായി നാടകരംഗത്ത് പ്രവര്‍ത്തിക്കുന്നതാണ് രാജീവന്‍ മമ്മിളി. 2007,2008,2009 വര്‍ഷങ്ങളില്‍ തുടര്‍ച്ചയായി സംസ്ഥാന സര്‍ക്കാറിന്റെ അവാര്‍ഡ് രാജീവന്‍ മമ്മിളിയ്ക്ക് ലഭിച്ചിട്ടുണ്ട്. 113 നാടകങ്ങള്‍ ഇതിനകം സംവിധാനം ചെയ്തിട്ടുണ്ട്. നാടക നടനായിട്ടാണ് നാടകരംഗത്തേക്ക് എത്തുന്നത്.

വാതുകൊയിലോത്ത് കുട്ടികൃഷ്ണന്‍ നമ്പ്യാരുടെയും മമ്മിളി കാര്‍ത്ത്യായനി അമ്മയുടെയും മകനാണ് രാജീവന്‍.

സിപിഐ എം പേരാമ്പ്ര ടൗണ്‍ ബ്രാഞ്ച് അംഗമായ രാജീവന്‍ ഏരിയയിലെ പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സജീവ പ്രവര്‍ത്തകനാണ്. നാടക നടി ബിന്ദുവാണ് ഭാര്യ. മകള്‍ കൃഷ്ണമീര.