നന്തിയിൽ വാഹനാപകടത്തെ തുടർന്ന് യുവാവ് മരിച്ച സംഭവം; കടന്നു കളഞ്ഞ ഡ്രൈവറും വാഹനവും പിടിയിൽ


കൊയിലാണ്ടി: അപകടത്തിന് ശേഷം കടന്നു കളഞ്ഞ വാഹനവും ഡ്രെെവറും പൊലീസ് കസ്റ്റഡിയില്‍. വടകര താഴെ അങ്ങാടി എം.വി ഹാരിസിന്റെ മരണത്തിനിടയാക്കിയ വാഹനമാണ് പിടികൂടിയത്. കെ.എല്‍. 13. എ യു 1334 നമ്പർ മിനി പിക്കപ്പും വാഹനത്തിന്റെ ഡ്രൈവര്‍ ആയ തമിഴ്നാട്ടുകാരന്‍ കൃഷ്ണരാജ് (21) ആണ് കസ്റ്റഡിയി ഉള്ളത്.

കഴിഞ്ഞ പന്ത്രണ്ടിന് നന്തി ഇരുപതാംമൈലിൽ വച്ച് ഹാരീസ് സഞ്ചരിച്ച സ്കൂട്ടറില്‍ മിനി പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍ ഹാരീസ് മരണമടയുകയും കൂടെ യാത്ര ചെയ്തിരുന്ന നാദാപുരം റോഡ് റഹ്‌മത്ത് മന്‍സില്‍ ശുഹൈബിന് ഗുരുതരമായി പരിക്ക് ഏല്ക്കുകയും ചെയ്തിരുന്നു. ഇയാള്‍ ഇപ്പോഴും കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

അപകടത്തിന് ശേഷം കടന്നു കളഞ്ഞ മിനി പിക്കപ്പ് വാന്‍ ശ്രമകരമായ അന്വേഷണത്തിലൂടെയാണ് കണ്ടെത്തിയത്. ഇടിയിൽ വാഹനത്തിന്റെ മുൻഭാഗത്ത് കേടുപറ്റിയിരുന്നു. ഇതും സി.സി.ടി.വി ദൃശ്യവും വാഹനം കണ്ടുപിടിക്കാൻ സഹായിക്കുകയായിരുന്നു. കൊയിലാണ്ടി സി.ഐ എന്‍ സുനില്‍ കുമാര്‍, എസ്.ഐ എം വിശ്വനാഥന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.