വിസ്തൃതി 458 സ്‌ക്വയര്‍ മീറ്റര്‍, കട്ടില്‍ ഇടാന്‍ കഴിയാത്ത കിടപ്പുമുറി, വലുപ്പത്തില്‍ അത്ഭുതപ്പെടുത്തുന്ന മറ്റ് മുറിയകള്‍, രണ്ടര മീറ്റര്‍ ഉയരത്തില്‍ ടെറസ്; പെട്ടികടകള്‍ പോലെ വിലങ്ങാട് ആദിവാസി പുനരധിവാസ വീടുകള്‍


നാദാപുരം: ഏറെ പ്രതീക്ഷയോടെ തങ്ങള്‍ കാത്തിരുന്ന വീടെന്ന സ്വപ്‌നം തകര്‍ന്നതിന്റെ നിരാശയിലാണ് അടുപ്പില്‍ കോളനിയിലെ ഒരു കൂട്ടം ആദിവാസി കുടുംബങ്ങള്‍. വിലങ്ങാട് ആദിവാസി പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിര്‍മ്മിക്കുന്ന വീട് താമസയോഗ്യമല്ലെന്ന് ആക്ഷേപം. വീടിന് അടിസ്ഥാന സൗകര്യങ്ങളൊരുക്കണമെന്നാവശ്യപ്പെട്ട് ആദിവാസി കുടുംബങ്ങള്‍ നിര്‍മ്മാണ സ്ഥലത്ത് പ്രതിഷേധിച്ചു.

അടുപ്പില്‍ കോളനിയില്‍ 600 സ്‌ക്വയര്‍ മീറ്റര്‍ വിസ്തൃതിയുള്ള വീട്ടിലാണ് നിലവില്‍ ഇവര്‍ താമസിക്കുന്നത്. 2019 ലെ പ്രളയത്തിലും ഉരുള്‍പൊട്ടലിലും സുരക്ഷിതത്വം നഷ്ടപ്പെട്ടതിനെത്തുടര്‍ന്ന് ഇവരെ മാറ്റിപ്പാര്‍പ്പിക്കാനാണ് ജില്ല ഭരണകൂടം പദ്ധതി തയ്യാറാക്കിയത്. 65 കുടുംബങ്ങളെയാണ് ഇത്തരത്തില്‍ മാറ്റി പ്പാര്‍പ്പിക്കുന്നത്.

എന്നാല്‍ ഇവര്‍ക്ക് വേണ്ടി നിര്‍മ്മാണം പുരോഗമിക്കുന്ന വീടുകളുടെ സ്ഥിതി ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. 485 സ്‌ക്വയര്‍ മീറ്റര്‍ മാത്രമാണ് തറ വിസ്തൃതി. കിടപ്പുമുറിയില്‍ ഒരു കട്ടിലിടാനുള്ള സൗകര്യം തന്നെ കഷ്ടിയാണ്, വരാന്ത പേരിന് മാത്രം, പാചകമുറി, കക്കൂസ് എന്നിവയുടെ വലുപ്പം പറയുകയേ വേണ്ട, തറയില്‍ നിന്നും ടെറസിലേക്ക് രണ്ടര മീറ്റര്‍ മാത്രം ഉയരം. ഇത്തരത്തിലാണ് വീടുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നത്.

ദുരന്ത നിവാരണ ഫണ്ട് ഉപയോഗിച്ച്‌ രണ്ട് പ്ലോട്ടുകളിലായി പന്ത്രണ്ടര ഏക്കര്‍ സ്ഥലത്താണ് വിലങ്ങാട് അടുപ്പില്‍ കോളനിയിലെ ആദിവാസികള്‍ക്ക് വീട് നിര്‍മ്മിക്കുന്നത്. വീടിന്റ നിര്‍മ്മാണം പൂര്‍ത്തിയായാല്‍ തങ്ങളെങ്ങനെ ഇതില്‍ താമസിക്കുമെന്നാണ് ഗുണഭോക്താക്കളുടെ ചോദ്യം. പുനരധിവാസം നടക്കുന്നതിനാല്‍ നിലവില്‍ താമസിക്കുന്ന വീടിന്റെ അറ്റകുറ്റപ്പണികളൊന്നും നടത്തിയിരുന്നില്ല, ഈ വീടുകളും അപകടാവസ്ഥയിലാണ്. ഇനിയെന്ത് എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരമില്ലാതെ നില്‍ക്കുകയാണ് ഈ കുടുംബങ്ങള്‍