ട്രാന്‍സ്‌ഫോമറിലേക്ക് ഇടിച്ചു കയറി, റോഡിലേക്കിറങ്ങി ഓടി രണ്ടു പേര്‍, മിനിറ്റുകള്‍ക്കുള്ളില്‍ ആളിപ്പടര്‍ന്ന് തീ; കോഴിക്കോട് ആംബുലന്‍സ് ട്രാന്‍സ്‌ഫോര്‍മറില്‍ ഇടിച്ച് രോഗി മരിച്ച സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്ത്‌


കോഴിക്കോട്: ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് നാദാപുരം സ്വദേശിനിയായ രോഗി മരിച്ച അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. കക്കംവെള്ളി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകത്തിന് സമീപം മാണിക്കോത്ത് സുലോചനയാണ് അപകടത്തില്‍ മരിച്ചത്. ശസ്ത്രക്രിയയ്ക്കായി മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നതിനിടെ ഇന്ന് പുലര്‍ച്ചെയോടെയായിരുന്നു ദാരുണമായ അപകടം.

വളവ് കഴിഞ്ഞു വന്ന ആംബുലന്‍സ് നിയന്ത്രണം വിട്ട് ഒരു ഭാഗത്തേക്ക് ഇടിച്ചു കയറി മറിഞ്ഞാണ് വൈദ്യുതി പോസ്റ്റിലിടിക്കുന്നത്. പിന്നാലെ വാഹനത്തിന് സമീപത്തായി ഒരു പുരുഷനും സ്ത്രീയും നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കുന്നുണ്ട്. ഇവര്‍ രണ്ടുപേരും വാഹനത്തിന് ചുറ്റും നടക്കുന്നതും സംസാരിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഇതിനിടെ നിലത്ത് കിടക്കുന്ന ആളോട് സ്ത്രീ സംസാരിക്കുകയും ചെയ്യുന്നുണ്ട്. പിന്നാലെ ഇവര്‍ രണ്ടുപേരും റോഡിലൂടെ ഓടി സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ 3.23ഓടെ പടര്‍ന്ന തീ ആളിക്കത്തുകയായിരുന്നു.

പക്ഷാഘാതത്തെ തുടര്‍ന്ന് മൊടക്കല്ലൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന സുലോചനയെ ഇന്ന് പുലര്‍ച്ചെയോടെയാണ് സ്ഥിതി ഗുരുതരമായതിനെ തുടര്‍ന്ന് ആംസ്റ്റര്‍ മിംസിലേക്ക് മാറ്റാനായി ആംബുലന്‍സില്‍ കൊണ്ടുപോയത്‌. ഇതിനിടെ ആശുപത്രിക്ക് സമീപത്തായി വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലന്‍സ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറി കത്തുകയായിരുന്നു.

ആംബുലന്‍സില്‍ കുടുങ്ങിയപ്പോയ സുലോചനയെ പുറത്തെടുക്കാന്‍ കഴിയാതെ വരികയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ആംബുലന്‍സില്‍ ഉണ്ടായിരുന്ന സുലോചനയുടെ ഭര്‍ത്താവ് ചന്ദ്രന്‍, അയല്‍വാസി പ്രസീത, നഴ്‌സ് ജാഫര്‍ എന്നിവര്‍ റോഡിലേക്ക് തെറിച്ചു വീഴുകയായിരുന്നു. ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്ന ചന്ദ്രന്റെ നില ഗുരുതരമാണ്.