‘മതത്തിന്റെ പേര് പറഞ്ഞ് മത്സരിക്കാന്‍ വന്നതല്ല, വടകര സമാധാനം അര്‍ഹിക്കുന്നു’: ഷാഫി പറമ്പില്‍


വടകര: വടകര സമാധാനം അര്‍ഹിക്കുന്നുവെന്നും അക്രമത്തിന്റെ മേല്‍വിലാസം മനപ്പൂര്‍വ്വം അടിച്ചല്‍പ്പിക്കപ്പെടുകയാണെന്നും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാഫി പറമ്പില്‍. കെ.കെ ശൈലജയ്‌ക്കെതിരായ വ്യക്തി അധിക്ഷേപം സംബന്ധിച്ച ആരോപണത്തില്‍ തനിക്ക് മനസറിവില്ലാത്തത് കൊണ്ടാണ് മാപ്പ് പറയാത്തതെന്നുമായിരുന്നു ഷാഫിയുടെ പ്രതികരണം.

ഒരു ഗുണവുമില്ലാത്ത കാര്യത്തെ ആരെങ്കിലും പ്രോത്സാഹിക്കുമോ എന്ന് ചോദിച്ച ഷാഫി ഇല്ലാത്ത വീഡിയോ സംബന്ധിച്ച് ചിലര്‍ വ്യക്തിഹത്യ നടത്തിയെന്നും പറഞ്ഞു. കെ.കെ രമയ്‌ക്കെതിരെ അതിരൂക്ഷമായ സൈബര്‍ ആക്രമണമാണുണ്ടായത്. താന്‍ മതത്തിന്റെ പേര് പറഞ്ഞ് മത്സരിക്കാനോ വിജയിക്കാനോ വന്നതല്ല. മതം പറഞ്ഞ് വിഭാഗീയത ഉണ്ടാക്കാന്‍ ശ്രമിക്കുന്നില്ലെന്നും ഷാഫി പറഞ്ഞു.

യുഡിഎഫിന്റെ ആത്മവിശ്വാസം ഇരട്ടിച്ചു. എല്ലാ ഘടകങ്ങളും തങ്ങള്‍ക്ക് അനുകൂലമാണ്. യുഡിഎഫ് നല്ല കെട്ടുറപ്പിലാണ്. പാനൂരിലെ ബോംബ് തെരഞ്ഞെടുപ്പില്‍ പൊട്ടിക്കാന്‍ വെച്ചതാണ്‌. ഇപ്പോഴത്തെ എല്‍ഡിഎഫ് സര്‍ക്കാരിന് ഇടതുസ്വഭാവം നഷ്ടമായിരിക്കുന്നെന്നും ഇടതുപക്ഷത്തിന് വേണ്ടിയുള്ള വോട്ട് കിട്ടുക യുഡിഎഫിനാണെന്നും ഷാഫി പറഞ്ഞു.