പ്രചാരണം ശക്തമാക്കി ഷാഫി പറമ്പില്‍; തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ക്ക് നാളെ തുടക്കം


വടകര: യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിന്റെ നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനുകൾക്ക് നാളെ തുടക്കം. നാളെ രാവിലെ എട്ടുമണി മുതൽ 11മണി വരെ കൊയിലാണ്ടി നിയോജകമണ്ഡലത്തിലെ സാമൂഹിക- സാംസ്കാരിക രംഗങ്ങളിലെ പ്രമുഖരുമായി കൂടിക്കാഴ്ച നടത്തും.

തുടർന്ന് 11മണിക്ക് കൊയിലാണ്ടി നിയോജകമണ്ഡലം തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. കെ.കെ രമ എംഎൽഎ കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്കുശേഷം രണ്ടുമണിക്ക് നടക്കുന്ന പേരാമ്പ്ര നിയോജകമണ്ഡലം കൺവെൻഷനും കെ.കെ രമ എംഎൽഎ ഉദ്ഘാടനം ചെയ്യും.

വൈകുന്നേരം 3മണിക്ക് നടക്കുന്ന കുറ്റ്യാടി നിയോജക മണ്ഡലം കൺവെൻഷൻ മുൻ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. തുടർന്ന് വൈകുന്നേരം അഞ്ചുമണി മുതൽ കുറ്റ്യാടി നിയോജക മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായി കൂടിക്കാഴ്ച നടത്തും. വിവിധ സ്ഥാപനങ്ങൾ സന്ദർശിച്ചു പിന്തുണ ഉറപ്പുവരുത്തുകയും ചെയ്യും.

15ന്‌ പേരാമ്പ്ര നിയോജക മണ്ഡലത്തിലാകും പര്യടനം. 16ന്‌ താമരശ്ശേരി ബിഷപ്പ് ഹൗസിലെത്തി പിന്തുണ തേടും. അന്നേദിവസം തലശ്ശേരി നിയോജകമണ്ഡലം കൺവെൻഷൻ നടക്കും. 17ന്‌ കൂത്തുപറമ്പ്, വടകര നിയോജക മണ്ഡലം കൺവെൻഷനുകൾ നടക്കും. മാർച്ച് 18, 19, 20 തീയതികളിൽ മുഴുവൻ പഞ്ചായത്ത്, മുൻസിപ്പൽ കൺവെൻഷനുകളും നടക്കും. മാർച്ച് 20നകം മുഴുവൻ ബൂത്തുകളിലും കൺവെൻഷനുകൾ പൂർത്തിയാക്കും.