‘വ്യാജ ചിത്രം ഉപയോഗിച്ച് യുഡിഎഫ് സൈബര്‍ സംഘം അപവാദ പ്രചാരണം നടത്തുന്നു’; ഡിജിപിക്കും തെരഞ്ഞെടുപ്പ്‌ കമ്മീഷനും പരാതി നൽകി പി.ജയരാജൻ


തലശ്ശേരി: വ്യാജ ചിത്രം ഉപയോഗിച്ച് യുഡിഎഫ് സൈബര്‍ സംഘം അപവാദ പ്രചാരണം നടത്തുന്നുവെന്ന് ആരോപിച്ച് ഖാദി ബോർഡ്‌ വൈസ്‌ചെയർമാനും സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗവുമായ പി ജയരാജൻ ഡിജിപിക്കും തെരഞ്ഞെടുപ്പ്‌ കമ്മീഷനും പരാതി നൽകി.

2017 സെപ്‌തംബർ 7ന്‌ പത്തനംതിട്ട പെരുനാട്‌ പൊതുപരിപാടിയിൽ പങ്കെടുത്തപ്പോൾ എടുത്ത ഫോട്ടോയിലുണ്ടായിരുന്ന സിപിഐ എം ലോക്കൽ സെക്രട്ടറി റോബിൻ കെ തൊമസിന്റെ ഫോട്ടോ വെട്ടിമാറ്റി പാലത്തായി പീഡനകേസ്‌ പ്രതിയായ ബിജെപി നേതാവിന്റെ ചിത്രം ചേർത്ത് പ്രചാരണം നടത്തുന്നുവെന്നാണ് പരാതിയില്‍ പറയുന്നത്‌.

വടകര മണ്ഡലം എൽഡിഎഫ്‌ സ്ഥാനാർഥി കെ കെ ശൈലജ ടീച്ചറെയും തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിൽ ഏർപ്പെട്ട തന്നെയും വ്യക്തിപരമായി അധിക്ഷേപിക്കാനും വോട്ടർമാരിൽ തെറ്റിദ്ധാരണ സൃഷ്‌ടിക്കാനുമാണ്‌ മോർഫ്‌ ചെയ്‌തചിത്രം ഉപയോഗിച്ച്‌ ശ്രമിക്കുന്നത്‌. തെരഞ്ഞെടുപ്പ്‌ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണിത്‌. കുറ്റവാളികൾക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും പരാതിയിൽ പറയുന്നു.

നവമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്ന വ്യാജ ചിത്രവും ഒറിജിനൽ ഫോട്ടോയുമടക്കം പരാതിക്കൊപ്പം നല്‍കിയിട്ടുണ്ട്‌.