കൂളിക്കുന്ന്, ചോയി മഠം കോളനി നിവാസികളുടെ സ്വപ്നം യഥാര്‍ത്ഥ്യമാവുന്നു; രണ്ട് കോടി രൂപയുടെ നവീകരണ പ്രവൃത്തിക്ക് തുടക്കമായി


വേളം: സംസ്ഥാന സര്‍ക്കാര്‍ രണ്ട് കോടി രൂപ അനുവദിച്ച കൂളിക്കുന്ന്, ചോയി മഠം എസ്.സി കോളനി നവീകരണ പ്രവൃത്തി ആരംഭിച്ചു. നിര്‍മാണ പ്രവൃത്തികളുടെ ഉദ്ഘാടനം സംസ്ഥാന ദേവസ്വം, പട്ടികജാതി, പട്ടിക വര്‍ഗ്ഗ വികസന, പിന്നോക്കക്ഷേമ വകുപ്പ് മന്ത്രി കെ.രാധ കൃഷ്ണന്‍ നിര്‍വ്വഹിച്ചു.

വീടുകളുടെ നവീകരണം, പൊതുഗതാഗത സൗകര്യങ്ങളുടെ വികസനം, കുടിവെള്ള പദ്ധതികള്‍, കോളനികളുടെ സൗന്ദര്യവല്‍ക്കരണം തുടങ്ങിയ പ്രവൃത്തികളാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതോടെ ഏറെ കാലമായുള്ള സ്വപ്നം യാഥാര്‍ത്ഥ്യമാവുന്നതിൻ്റെ സന്തോഷത്തിലാണ് കോളനിവാസികളും നാട്ടുകാരും.

കൂളിക്കുന്ന് സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കെ.പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.സി ബാബു മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. ജില്ല- ബ്ലേക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, കോളനി വികസന സമിതി ഭാരവാഹികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു