തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍; അട്ടക്കുണ്ട് പാലം- മനോത്ത് താഴെ റോഡ് പൊതുജനങ്ങള്‍ക്കായി തുറന്നു


മണിയൂര്‍: ഗ്രാമപഞ്ചായത്തില്‍ തീരദേശ റോഡുകളുടെ നിലവാരമുയര്‍ത്തല്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍മ്മിച്ച അട്ടക്കുണ്ട് പാലം – മനോത്ത് താഴെ റോഡ് യാത്രക്കാര്‍ക്കായി തുറന്നു. മഴക്കാലത്ത് വെള്ളക്കെട്ടുണ്ടാവുന്ന പ്രദേശമായതിനാല്‍ റോഡ് ഉയര്‍ത്തി ഇന്റര്‍ലോക്ക് വിരിച്ചാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. 36.66 ലക്ഷം ചെലവഴിച്ച് 355 മീറ്റര്‍ നീളമുള്ള റോഡ് ഹാര്‍ബര്‍ എഞ്ചിനീയറിംഗ് വകുപ്പ് മുഖേനയാണ് നിര്‍മ്മിച്ചത്.

റോഡിന്റെ ഉദ്ഘാടനം പട്ടികജാതി പട്ടികവര്‍ഗ്ഗ പിന്നോക്ക വിഭാഗ വികസന വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍ നിര്‍വഹിച്ചു. കെ..പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു.

സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം മണിയൂര്‍ ഗ്രാമപഞ്ചായത്തില്‍ ഇതുവരെ 2.60 കോടി രൂപ ചെലവഴിച്ച് മൂന്നോളം റോഡ് പ്രവര്‍ത്തികൾ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കൊയിലാണ്ടി ഹാര്‍ബര്‍ എഞ്ചിനീയറിങ് വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം.എസ് രാകേഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.

ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.വി റീന, ബ്ലോക്ക് ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ശ്രീജ പുല്ലരൂല്‍, വാര്‍ഡ് മെമ്പര്‍ ടി ഗീത, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ സംസാരിച്ചു. മണിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.കെ അഷറഫ് സ്വാഗതവും സ്വാഗതസംഘം കണ്‍വീനര്‍ വല്ലത്ത് ബാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.