ശ്രവണ വൈകല്യമുള്ള കുട്ടികള്‍ക്ക് താങ്ങായ ശ്രുതിതരംഗം പദ്ധതി ത്വരിതപ്പെടുത്താന്‍ സര്‍ക്കാര്‍; ഇനി ഹിയറിങ് ഏയ്ഡ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികളും അപ്ഗ്രഡേഷനും കാലതാമസമെടുക്കില്ല


കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിൽ  മുഴുവൻ കുട്ടികളുടെയും ഹിയറിങ് ഏയ്ഡ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി പൂർത്തിയാക്കിയതായും ഉപകരണങ്ങളുടെ അപ്ഗ്രഡേഷന്‍ ഈ ആഴ്ച തുടങ്ങുമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ്.

സംസ്ഥാനത്തെ  457 ശ്രുതിതരംഗം പദ്ധതിയിലുള്‍പ്പെട്ട കുട്ടികളില്‍ 216 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി നടത്തിയിട്ടുണ്ട്. 109 പേരുടെ ഉപകരണങ്ങളുടെ അറ്റകുറ്റപ്പണി അധികം വൈകാതെ പൂര്‍ത്തിയാകും. അവശേഷിക്കുന്ന ഉപകരണങ്ങളുടെ അറ്റകുറ്റപ്പണിയുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ നടക്കുന്നുമുണ്ട്.

ടെക്നിക്കല്‍ കമ്മിറ്റി ആദ്യ ഘട്ടത്തില്‍ അംഗീകാരം നല്‍കിയ കോക്ലിയര്‍ ഇംപ്ലാന്റേഷനില്‍ 44 കുട്ടികളില്‍ 23 പേരുടെ ശസ്ത്രക്രിയകള്‍ പൂര്‍ത്തിയാക്കുകയും  ബാക്കിയുള്ളവരുടെ ശസ്ത്രക്രിയയ്ക്കുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ഉപകരണങ്ങളുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള 117 കുട്ടികളില്‍ 79 പേരുടെ പ്രോസസര്‍ അപ്ഗ്രഡേഷന് വേണ്ടിയുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.

സംസ്ഥാനത്ത് ശ്രവണ വൈകല്യം നേരിടുന്ന 5 വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് കോക്ലിയര്‍ ഇംപ്ലാന്റേഷനും അനുബന്ധ സേവനങ്ങളും സൗജന്യമായി ലഭ്യമാക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച പദ്ധതിയാണ് ശ്രുതിതരംഗം. തിരുവനന്തപുരം, കോട്ടയം, കോഴിക്കോട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകള്‍ വഴിയും എംപാനല്‍ ചെയ്ത ആറു ആശുപത്രികളിലൂടെയും ശ്രുതിതരംഗം വഴി ഗുണഭോക്താക്കളായ കുട്ടികള്‍ക്ക് സൗജന്യ സേവനം ലഭ്യമാക്കുന്നുണ്ട്.

ശ്രുതി തരംഗം പദ്ധതിയില്‍ ഉപകരണങ്ങളുടെ അറ്റകുറ്റപണി വൈകുന്നതും അപ്ഗ്രഡേഷന്‍ വൈകുന്നതുമെല്ലാം കേള്‍വി ശേഷിയില്ലാത്ത കുട്ടികള്‍ക്ക് ബുദ്ധിമുട്ടായി മാറുന്ന വസ്തുത തിരിച്ചറിഞ്ഞാണ് ഇപ്പോള്‍ സര്‍ക്കാര്‍ പദ്ധതി ത്വരിതപ്പെടുത്തിയത്. mid4]