കല്ലാച്ചി ടൗണിലെ പത്തോളം സ്ഥാപനങ്ങളിലേക്ക് വെള്ളമെടുക്കുന്ന കിണര്‍ജലം വൃത്തിഹീനമെന്ന് കണ്ടെത്തി; നടപടിയുമായി പഞ്ചായത്ത്


നാദാപുരം: കല്ലാച്ചി ടൗണിലെ പൊതുകിണറിലെ വെള്ളം മലിനമാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നടപടിയുമായി ആരോഗ്യ വകുപ്പ്. കല്ലാച്ചി ടൗണിലെ കോര്‍ട്ട്‌റോഡില്‍ ഇല്ലത്ത് കോംപ്ലക്സിലെ കിണര്‍വെള്ളമാണ് പരിശോധനയില്‍ മലിനമാണെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് നാദാപുരം ഗ്രാമപ്പഞ്ചായത്ത് ആരോഗ്യവിഭാഗം അധികൃതര്‍ നടപടികളുമായി രംഗത്തെത്തുകയായിരുന്നു.

കിണറ്റില്‍നിന്ന് വെള്ളമെടുക്കുന്ന വിവിധ സ്ഥാപന ഉടമകളെ വിളിച്ചു വരുത്തുകയും പൈപ്പുകള്‍ മുറിച്ചുമാറ്റുകയും ചെയ്തു. ടൗണിലെ പത്ത് സ്ഥാപനങ്ങളിലേക്ക് കിണറില്‍നിന്ന് വെള്ളമെടുക്കുന്നുണ്ട്. ശുദ്ധമായ മറ്റു ജലസ്രോതസ്സുകള്‍ കണ്ടെത്തുന്നതിന് ഈ സ്ഥാപനങ്ങള്‍ക്കെല്ലാം അടുത്തദിവസം നോട്ടീസ് നല്‍കുമെന്ന് അധികൃതര്‍ അറിയിച്ചു.

കല്ലാച്ചിയിലെ ചില കൂള്‍ബാറുകളില്‍നിന്ന് ജ്യൂസ് കഴിച്ചതിനെത്തുടര്‍ന്ന് അസ്വസ്ഥത ഉണ്ടായതായി ചിലരില്‍നിന്ന് ആരോഗ്യവിഭാഗത്തിന് പരാതി ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഒട്ടേറെ സ്ഥാപനങ്ങളില്‍ അധികൃതര്‍ പരിശോധന നടത്തിയത്. ലൈസന്‍സ്, ഹെല്‍ത്ത് കാര്‍ഡ്, ജലപരിശോധനാ റിപ്പോര്‍ട്ട് എന്നിവ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പൂട്ടുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും അറിയിച്ചു.

ഗ്രാമപ്പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി ടി പ്രേമാനന്ദന്‍, താലൂക്ക് ആശുപത്രി ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേന്ദ്രന്‍ കല്ലേരി, ഗ്രാമപ്പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ കെ സതീഷ് ബാബു, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ കെ ബാബു, സി പ്രസാദ് എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.