അമിത രക്തസമ്മര്‍ദ്ദം; ചില ലക്ഷണങ്ങളിലൂടെ തിരിച്ചറിയാം, വിശദമായി നോക്കാം


ഉയര്‍ന്ന രക്ത സമ്മര്‍ദ്ദം ഇന്ന് പലരെയും അലട്ടുന്ന പ്രധാന പ്രശ്‌നമാണ്. സാധാരണ 35 വയസ്സിന് മുകളില്‍ ഉള്ള ആളുകള്‍ക്കാണ് ഇത്തരം അവസ്ഥകള്‍ കൂടുതലായി കണ്ടുവരുന്നതെങ്കിലും മാറിയ ജീവിതശൈലിക്ക് അനുസൃതമായി ചെറുപ്പക്കാരിലും ഇന്നിത് കാണപ്പെടുന്നുണ്ട്. രക്തസമ്മര്‍ദ്ദത്തിന്റെ ലക്ഷണങ്ങള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിയുന്നത് വഴി നേരത്തെ തന്നെ ഈയവസ്ഥയെ ചികിത്സിക്കാനാവും. കൃത്യസമയത്ത് ചികിത്സ നല്‍കിയില്ലെങ്കില്‍ ഇത്തരമൊരവസ്ഥ നിരവധി രോഗങ്ങള്‍ക്കും കാരണമായി മാറാന്‍ ഇടയാക്കിയേക്കും. പതിവായി പരിശോധനകള്‍ നടത്തി ഇതിന്റെ ലക്ഷണം ഉണ്ടോ എന്ന് സ്വയം തിരിച്ചറിയുക അത്യാവശ്യമാണ്.

ചില ലക്ഷണങ്ങള്‍

*തലവേദന

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാവുന്നതിന്റെ സാധാരണ ലക്ഷണങ്ങളില്‍ ഒന്നാണ് തലവേദന. പല കാരണങ്ങളാല്‍ തലവേദന ഉണ്ടാകാമെങ്കിലും, നിരന്തരമായി അടുപ്പിച്ച് തലവേദന ഉണ്ടാകുന്നുണ്ടെങ്കില്‍ ഇടയ്ക്കിടെ രക്തസമ്മര്‍ദ്ദ നില നിരീക്ഷിക്കുന്നത് നല്ലതാണ്. രക്താതിമര്‍ദ്ദവുമായി ബന്ധപ്പെട്ട തലവേദന തലയുടെ ഇരുവശളിലുമായി ഒരുപോലെ ഉണ്ടാവുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.

*നെഞ്ച് വേദന

ഹൃദയത്തിലൂടെ രക്തം പമ്പ് ചെയ്യുന്നതില്‍ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കില്‍, നെഞ്ചുവേദന അനുഭവപ്പെടാനുള്ള സാധ്യതയുണ്ട്. മിക്ക ആളുകളും നേരിയ നെഞ്ചുവേദനയെ അവഗണിക്കുന്നതും ഇതിനെ തള്ളിക്കളയുകയും ചെയ്യുക പതിവാണെങ്കിലും കുറച്ച് ദിവസങ്ങള്‍ ഇത് തുടര്‍ന്നാല്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. വേദന സാധാരണയായി നെഞ്ചില്‍ നിന്ന് പുറത്തേക്ക് അനുഭവപ്പെടുന്നതായി തോന്നും. പേശികളുമായി ബന്ധപ്പെട്ടുകൊണ്ടും വേദന ഉണ്ടാകാമെങ്കിലും പ്രശ്നത്തിന്റെ മൂലകാരണം തേടുന്നത് നല്ലതാണ്.

തലകറക്കം

തലകറക്കം ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രത്യേക ലക്ഷണമല്ലെങ്കിലും മറ്റ് ലക്ഷണങ്ങളോടൊപ്പം ഇതും ഉണ്ടാകുന്നുണ്ടെങ്കില്‍ ഇതിനെ സൂക്ഷിക്കണം. കാരണം ഇത്തരത്തിലുണ്ടാകുന്ന ഒരു തലകറക്കം എപ്പോള്‍ വേണമെങ്കിലും ശരീരത്തിന്റെ ബാലന്‍സും ഏകോപനവും നഷ്ടപ്പെടുത്താനും ഒരു സ്ട്രോക്കിലേക്ക് നയിക്കാനും ഒക്കെ കാരണമായേക്കാം. ഹൃദയാഘാതത്തിന് വഴിയൊരുക്കുന്നതില്‍ ഒരു പ്രധാന കാരണമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം.

ശ്വാസതടസ്സം

ഓരോ തവണ പടികള്‍ ചവിട്ടി കയറുമ്പോഴും ശ്വസിക്കാന്‍ ബുദ്ധിമുട്ടുള്ളതായി അനുഭവപ്പെടാറുണ്ടോ? എങ്കില്‍ ഉടന്‍ തന്നെ രക്തസമ്മര്‍ദ്ദം പരിശോധിക്കേണ്ടതാണ്. ഇങ്ങനെ ഉണ്ടാവുന്നതിന് നിരവധി കാരണങ്ങളുണ്ടാകാം. ഉയര്‍ന്ന രക്താതിമര്‍ദ്ദം അതിനൊരു പ്രധാന കാരണമാകാം.

ക്ഷീണവും ബലക്ഷയവും

ഒരാള്‍ക്ക് ക്ഷീണവും ബലഹീനതയും ഉണ്ടാകാന്‍ പല കാരണങ്ങളുണ്ട്. അതില്‍ ഏറ്റവും പ്രധാന കാരണം ചിലപ്പോള്‍ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ സൂചകമായിരിക്കാം എന്നതാണ്. ശരീരത്തിലെ സുപ്രധാന അവയവമായ ഹൃദയം അമിതമായ അളവില്‍ പ്രവര്‍ത്തിക്കേണ്ടി വരുമ്പോള്‍ രക്താതിമര്‍ദ്ദം ഉണ്ടാവുകയും ഇത് ശരീരത്തിന്റെ തളര്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യുന്നു.

മങ്ങിയ കാഴ്ച

ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ശരീരത്തിലെ പല അവയവങ്ങളെയും ബാധിക്കുന്നതാണ്. ഇത് കണ്ണിനുള്ളിലെ റെറ്റിനയിലെ രക്തക്കുഴലുകളെ ബാധിക്കുന്നു. അവ കഠിനമാവുകയും പതുക്കെ പതുക്കെ കാഴ്ച മങ്ങുന്നതിലേക്ക് നയിക്കുന്നതിന് കാരണമാകും. മറ്റുള്ളവരെപ്പോലെ ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെ പ്രത്യേക ലക്ഷണമായി കണക്കാക്കാനാവില്ല. അതുകൊണ്ടുതന്നെ ഇതിനെ മറ്റ് ലക്ഷണങ്ങളുമായി സംയോജിച്ച് പരിഗണിക്കേണ്ടതുണ്ട്. കണ്ണുകളിലെ ഈ രക്തക്കുഴലുകളില്‍ ഉണ്ടാവുന്ന കേടുപാടുകള്‍ കൃത്യമായി പരിശോധിച്ച് ആവശ്യമായ നടപടികള്‍ നല്‍കിയില്ലെങ്കില്‍ കാലക്രമേണ അത് കൂടുതല്‍ ദോഷം വരുത്തുന്നതായി മാറും.

ഉത്കണ്ഠ

ഓരോ മിനിറ്റിലും മനസ്സിന് സമ്മര്‍ദ്ദവും ഉല്‍ക്കണ്ഠയും അനുഭവപ്പെടുകയും സ്വയം ആശങ്കാകുലരാണെന്ന തോന്നല്‍ ഉണ്ടാവുകയും ചെയ്യുന്നുണ്ടോ? ഇത് ഒരുപക്ഷേ ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം. ഏതൊരു വ്യക്തിയും അവരുടെ ദൈനംദിന ജീവിതത്തില്‍ ഉണ്ടാവുന്ന പ്രശ്നങ്ങളോട് പൊരുത്തപ്പെടാന്‍ കഴിയാതെ വരുന്നത് വഴി അനാവശ്യമായ സമ്മര്‍ദ്ദത്തിലൂടെ കടന്നുപോവുന്നു. ഇതവരെ നിയന്ത്രിക്കാനാവാത്ത ഉത്കണ്ഠയിലേക്ക് നയിക്കുന്നു. ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിലേക്കും അതില്‍ നിന്ന് മറ്റ് ആരോഗ്യപ്രശ്നങ്ങളിലേക്കും നയിക്കും.

പ്രമേഹവും രക്തസമ്മര്‍ദ്ദവും

പ്രമേഹരോഗികള്‍ക്ക് രക്തസമ്മര്‍ദ്ദം ഉയരാനുള്ള സാധ്യത എങ്ങനെയാണ്? പല ആളുകളേയും പിടി കൂടിയിരിക്കുന്ന സംശയമാണിത്. രക്താതിമര്‍ദ്ദത്തിന് പ്രമേഹരോഗവുമായി നേരിട്ട് ബന്ധമൊന്നും ഇല്ലെങ്കിലും, ഈ രോഗമുള്ള ആളുകള്‍ക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ തന്നെ പ്രമേഹരോഗം ഉണ്ടെങ്കില്‍ ജീവിതശൈലിയില്‍ മാറ്റം വരുത്തുകയും ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകള്‍ ഉപയോഗിക്കുകയും ചെയ്യണം.

തടി അധികമുള്ളവര്‍ വിഷമിക്കേണ്ടതുണ്ടോ?

ശരീരഭാരത്തിനൊപ്പം വര്‍ദ്ധിക്കാന്‍ സാധ്യതയുള്ള ഒന്നാണ് രക്തസമ്മര്‍ദ്ദം. ബോഡി മാസ് സൂചിക കൂടുതലായതിനാല്‍ തന്നെ അമിതഭാരമുള്ളവര്‍ക്ക് ഈ രോഗാവസ്ഥ വികസിക്കാനുള്ള സാധ്യത പൊതുവേ കൂടുതലാണ്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന് പുറമെ, നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ശരീരഭാരം ഒരു കാരണമാകും.

രക്താതിമര്‍ദ്ദത്തിന്റെ പ്രശ്നം അനുഭവിക്കുന്നവര്‍ ധാരാളം നാരുകള്‍ അടങ്ങിയിട്ടുള്ളതും സമതുലിതമായതുമായ ഭക്ഷണക്രമം എല്ലായ്പ്പോഴും പിന്തുടരേണ്ടത് പ്രധാനമാണ്. പഴങ്ങളും പച്ചിലകളും, പാലുല്‍പ്പന്നങ്ങളും, പ്രോട്ടീന്‍, ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍, ധാന്യങ്ങള്‍, അവശ്യ വിറ്റാമിനുകളും ധാതുക്കളും ഒക്കെ അടങ്ങിയ ഭക്ഷണങ്ങള്‍ ദൈനംദിന ക്രമത്തില്‍ ഉള്‍പ്പെടുത്തണം.

കഴിക്കുന്ന ഭക്ഷണങ്ങളിലെ ഉപ്പിന്റെ അളവ് കുറഞ്ഞതായിരിക്കണം. കൊഴുപ്പ് അധികം അടങ്ങിയ ഭക്ഷണങ്ങള്‍ അല്ലെങ്കില്‍ ഉയര്‍ന്ന അന്നജം, കാര്‍ബോഹൈഡ്രേറ്റ് ഉള്ളടക്കമുള്ള ഭക്ഷണങ്ങള്‍ ഒഴിവാക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങളും പരമാവധി ഒഴിവാക്കേണ്ട ഒന്നാണ്.