തിരഞ്ഞെടുപ്പ് ബോണ്ട് കേസ്: എസ്.ബി.ഐക്ക് സുപ്രീം കോടതിയില്‍ തിരിച്ചടി, വിവരങ്ങള്‍ നാളെ കൈമാറാന്‍ നിര്‍ദേശം


ന്യൂഡല്‍ഹി: തിരഞ്ഞെടുപ്പ് ബോണ്ട് സംബന്ധിച്ച കേസില്‍ എസ്.ബി.ഐക്ക് സുപ്രീം കോടതിയുടെ വിമര്‍ശനം. കേസില്‍ വിവരങ്ങള്‍ നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന എസ്.ബി.ഐയുടെ അപേക്ഷ തള്ളിയെ സുപ്രീം കോടതി തിരഞ്ഞെടുപ്പ് ബോണ്ടുകളുടെ വിവരങ്ങള്‍ മാര്‍ച്ച് 12-ന് തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറണമെന്നും മാര്‍ച്ച് 15-നകം കമ്മീഷന്‍ ഇത് പരസ്യപ്പെടുത്തണമെന്നും നിര്‍ദേശിച്ചു.

കോടതി നിര്‍ദേശ പ്രകാരം പ്രവര്‍ത്തിച്ചില്ലെങ്കില്‍ കോടതിയലക്ഷ്യ നടപടിയെടുക്കുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി. ബോണ്ടുകളുടെ വിവരങ്ങള്‍ നല്‍കാന്‍ ജൂണ്‍ 30 വരെ സമയംതേടി എസ്.ബി.ഐ. നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചിന്റെ വിധി.

തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയവരുടെയും പണം ലഭിച്ച പാര്‍ട്ടികളുടെയും വിവരങ്ങള്‍ സംയോജിപ്പിച്ച് കൈമാറുന്നതിന് കൂടുതല്‍ സമയം ആവശ്യമാണെന്ന് എസ്.ബി.ഐ കോടതിയില്‍ പറഞ്ഞു. തിരഞ്ഞെടുപ്പ് ബോണ്ട് വാങ്ങിയത് ആരൊക്കെ എന്ന് വാങ്ങിയെന്ന് ഉടന്‍ പറയാമെന്നും ഏതൊക്കെ പാര്‍ട്ടിക്ക് പണം കിട്ടിയെന്ന് പറയാന്‍ കൂടുതല്‍ സമയം വേണമെന്നും എസ്.ബി.ഐ കോടതിയെ അറിയിച്ചു.

ബോണ്ട് വാങ്ങിയവരുടെയും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് കിട്ടിയ ബോണ്ടുകളുടെയും വിവരങ്ങള്‍ എസ്.ബി.ഐയുടെ പക്കലുണ്ട്. വാങ്ങിയ ബോണ്ടുകളുടെ വിശദാംശങ്ങള്‍ എളുപ്പത്തില്‍ ലക്ഷ്യമാണെന്നിരിക്കെ പിന്നെന്തിനാണ് സാങ്കേതികത്വം പറഞ്ഞ് വൈകിപ്പിക്കുന്നതെന്നും കോടതി ആരാഞ്ഞു.

വാദത്തിനിടെ മുദ്രവച്ച കവര്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ കോടതിയില്‍ സമര്‍പ്പിച്ചു. കമ്മീഷന്‍ ഇതുവരെ നല്‍കിയ വിവരങ്ങള്‍ ഉടന്‍ പ്രസിദ്ധീകരിക്കണമെന്നും കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി വിധി പ്രസ്താവിച്ചിട്ട് മൂന്ന് ആഴ്ച പിന്നിട്ടിട്ടും വിധി നടപ്പാക്കുന്നതിന് എന്തു നടപടിയാണ് എസ്.ബി.ഐയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും സുപ്രീം കോടതി ചോദിച്ചു.