ക്യാന്‍സര്‍ എന്ന ഗുരുതര രോഗത്തെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണോ? എങ്കില്‍ ശ്രദ്ധിക്കൂ; ക്യാന്‍സറിന്റെ സാധ്യത കുറയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ പരിചയപ്പെടാം


ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വ്യാപിക്കാൻ കഴിവുള്ള അസാധാരണമായ കോശവളര്‍ച്ച ഉള്‍പ്പെടുന്ന ഒരു കൂട്ടം രോഗങ്ങളെയാണ് കാന്‍സര്‍ എന്ന് വിളിക്കുന്നത്. എന്നാല്‍ ക്യാന്‍സറിനെ തടയുന്നതിന് എല്ലാവര്‍ക്കും യോജിക്കുന്ന വിധത്തിലുള്ള ഒരു പൊതുവായ മാര്‍ഗ്ഗം ഇല്ല എന്നതാണ് സത്യം. കാരണം, ചില സാഹചര്യങ്ങളില്‍, നമ്മുടെ ജീവിതശൈലിയിലെ പ്രശ്‌നങ്ങള്‍ മൂലം ക്യാന്‍സര്‍ വരാവുന്നതാണ് (ഉദാഹരണത്തിന്, പുകവലി ശ്വാസകോശ അര്‍ബുദത്തിന് കാരണമാകും). മറ്റ് ചില സന്ദര്‍ഭങ്ങളില്‍, ശരീരശാസ്ത്രപരമായ ഘടകങ്ങള്‍ ചിലതരം ക്യാന്‍സറുകളിലേക്കും നയിച്ചേക്കാം (ഉദാഹരണത്തിന്: സ്ത്രീകള്‍ക്ക് സ്തനാര്‍ബുദം ആര്‍ത്തവവിരാമത്തിന് ശേഷം വരാനുള്ള സാധ്യത കൂടുതലാണ്).

അര്‍ബുദങ്ങളെ തടയാന്‍ ചില ഭക്ഷണങ്ങള്‍ക്കാകുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ക്യാന്‍സറിനെ പ്രതിരോധിക്കാന്‍ സഹായിക്കും. പഴങ്ങള്‍, പച്ചക്കറികള്‍, നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളം കഴിക്കാം. എന്നാല്‍ മാംസാഹാരം, മധുരം, ഉപ്പ്, എണ്ണ, കൊഴുപ്പടങ്ങിയ ഭക്ഷണം എന്നിവ മിതമായ അളവില്‍ കഴിക്കുന്നതാണ് ക്യാന്‍സര്‍ പ്രതിരോധത്തിന് നല്ലത്. ഒപ്പംതന്നെ ചിട്ടയായ വ്യായാമവും അത്യാവശ്യമാണ്.

ക്യാന്‍സര്‍ സാധ്യതയെ കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം

ഒന്ന്

കാബേജ്, കോളിഫ്‌ലവര്‍, ബ്രോക്കോളി എന്നിവയിലെ ആന്റി ഓക്‌സിഡന്റുകള്‍ ക്യാന്‍സര്‍ പ്രതിരോധത്തിന് സഹായിക്കുമെന്ന് പഠനങ്ങളില്‍ തെളിയിക്കപ്പെട്ടതാണ്. അതിനാല്‍ ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രണ്ട്

ക്യാരറ്റ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാരറ്റില്‍ അടങ്ങിയിരിക്കുന്ന ബീറ്റാകരോട്ടിന്‍ ക്യാന്‍സറിനെ പ്രതിരോധിക്കും. ഈ ആന്റി ഓക്‌സിഡന്റ് രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ക്യാന്‍സര്‍ വരാതെ തടയുകയും ചെയ്യും.

മൂന്ന്

മഞ്ഞളിന് ക്യാന്‍സര്‍ തടയാന്‍ കഴിവുണ്ട് എന്നത് നിരവധി ഗവേഷണഫലങ്ങളിലൂടെ തെളിഞ്ഞിട്ടുള്ളതാണ്. മഞ്ഞളിലടങ്ങിയ കുര്‍ക്കുമിന്‍ എന്ന സംയുക്തത്തിന് ആന്റി ഇന്‍ഫ്‌ലമേറ്ററി, ആന്റി ഓക്‌സിഡന്റ് ഗുണങ്ങള്‍ ഉണ്ട്. അനിയന്ത്രിതമായ കോശവളര്‍ച്ച തടയാന്‍ കുര്‍കുമിന്‍ സഹായിക്കും.

നാല്

കറുവാപ്പട്ടയില്‍ ടാനിന്‍, എസന്‍ഷ്യല്‍ ഓയില്‍ തുടങ്ങിയവ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റ്, ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇവയ്ക്കുണ്ട്. അതിനാല്‍ തന്നെ ഇവയ്ക്ക് ക്യാന്‍സറിനെ പ്രതിരോധിക്കാനാകും.

അഞ്ച്

കൂണ്‍ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്‌സിഡേറ്റീവ്, ആന്റി മൈക്രോബിയല്‍ ഗുണങ്ങളുള്ള കൂണ്‍, അലര്‍ജി, അര്‍ബുദം എന്നിവയെ തടയുന്നു. രോഗപ്രതിരോധ ശക്തി വര്‍ധിപ്പിക്കാനും കൂണ്‍ സഹായിക്കും.

ആറ്

ദിവസവും ഒരു ആപ്പിള്‍ കഴിച്ചാല്‍ ഡോക്ടറെ അകറ്റി നിര്‍ത്താം എന്ന ചൊല്ല് വെറുതെയല്ല. ആപ്പിളിലെ ആന്റി ഓക്സിഡന്റുകള്‍, ഫൈബര്‍, മറ്റ് പോഷകങ്ങള്‍ എന്നിവ മൊത്തത്തിലുള്ള രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്നു. മാത്രമല്ല ക്യാന്‍സര്‍ സാധ്യതയും കുറയ്ക്കുന്നു.

ഏഴ്

സ്‌ട്രോബെറി, റാസ്‌ബെറി, ബ്ലാക്ക്ബെറി, ബ്ലൂബെറി തുടങ്ങിയവ ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നു. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും ക്യാന്‍സര്‍ കോശങ്ങള്‍ക്കെതിരെ പോരാടാന്‍ സഹായിക്കുന്നു.

എട്ട്

തക്കാളിയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ചയെ തടയാന്‍ തക്കാളി സഹായിക്കുന്നു. ലൈക്കോപ്പീന്‍ ആണ് ഈ ഗുണങ്ങളേകുന്നത്.