മികവുറ്റ ശാസ്ത്രപഠനമാണോ നിങ്ങളുടെ ലക്ഷ്യം? നൈസറിലും സിഇബിസിയിലും ചേരാൻ ‘നെസ്റ്റ്’ പരീക്ഷ, വിശദാംശങ്ങൾ


കോഴിക്കോട്: രാജ്യത്തെ മികവിന്റെ കേന്ദ്രങ്ങളും ശാസ്ത്രമേഖലയിലെ ശ്രേഷ്ഠവും നിലവാരവുമുള്ള സ്ഥാപനങ്ങളുമായ നൈസറിലും സി.ഇ.ബി.സി.യിലും സ്കോളർഷിപ്പോടെ തന്നെ ബിരുദ – ബിരുദാനന്തര ബിരുദം (ഇന്റഗ്രേറ്റഡ്) പൂർത്തീകരിക്കാനുള്ള ആദ്യ കടമ്പയാണ്, നാഷണൽ എൻട്രൻസ് സ്ക്രീനിങ്ങ് ടെസ്റ്റ് അഥവാ നെസ്റ്റ്. ഫിസിക്സ്, കെമിസ്ട്രി,ബയോളജി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിൽ ഇന്റഗ്രേറ്റഡ് എം.എസ്സി. പ്രോഗ്രാമുകളിലേയ്ക്കാണ് നെസ്റ്റിൻ്റെ അടിസ്ഥാനത്തിൽ പ്രവേശനം.

2022, 2023 വർഷങ്ങളിൽ പ്ലസ്ടു പൂർത്തീകരിച്ചവർക്കും 2024ൽ പ്ലസ്ടു പരിക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. ഓൺലൈൻ അപേക്ഷ സമർപ്പിക്കാൻ മേയ് 31 വരെ അവസരമുണ്ട്. രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ ജൂൺ 30നു പ്രവേശന പരീക്ഷ നടക്കും. പ്രവേശന പരീക്ഷയ്ക്കു ശേഷം, നൈസർ, സി.ഇ.ബി.സി. എന്നീ സ്ഥാപനങ്ങൾക്ക് , വ്യത്യസ്ത മെറിറ്റ് ലിസ്റ്റ് തയ്യാറാക്കും. കേന്ദ്ര സർക്കാരിന്റെ സംവരണ തത്വങ്ങളനുസരിച്ചായിരിക്കും, പ്രവേശനം.

കേരളത്തിൽ വയനാട് ഒഴികെയുള്ള എല്ലാ ജില്ലകളിലും പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഓരോ പരീക്ഷാർത്ഥിക്കും, 5 പരീക്ഷകേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. പരീക്ഷയുടെ സിലബസും 2007 മുതലുള്ള ചോദ്യങ്ങളും സൈറ്റിലുണ്ട്.

നെസ്റ്റ് സ്കോർ മുഖേനെ അഡ്മിഷൻ നേടാവുന്ന സ്ഥാപനങ്ങൾ

1.കേന്ദ്ര സർക്കാരിന്റെ അറ്റോമിക് എനർജി വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഭുവനേശ്വറിലുള്ള നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (നൈസർ)
2.മുംബൈ സർവകലാശാലയിലെ അറ്റോമിക് എനർജി ഡിപ്പാർട്ടുമെന്റിന്റെ ഭാഗമായ സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് (സി.ഇ.ബി.സി.) ഇതിൽ നൈസറിൽ 200 സീറ്റും സി.ഇ.ബി.സി.യിൽ 57 സീറ്റുമാണ് ഉള്ളത്.

തെരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള ആനുകൂല്യങ്ങൾ

തെരഞ്ഞെടുക്കപ്പെടുന്നവർക്ക്, ഇൻസ്പയർ അവാർഡിനു തുല്യമായ 80,000/- രൂപ പ്രതിവർഷം ലഭിയ്ക്കും. (കേന്ദ്ര ആണവോർജ്ജ മന്ത്രാലയത്തിന്റെ ദിശ പദ്ധതിയുടെ ഭാഗമായി പ്രതിവർഷം 60,000/- രൂപ സ്കോളർഷിപ്പും 20,000/- രൂപ സമ്മർ ഇന്റേൺഷിപ്പും ലഭിക്കും.) ഇതുകൂടാത കോഴ്സ് കാലാവുധിക്കു ശേഷം ഇന്ത്യക്കകത്തും പുറത്തുമുള്ള പ്രശസ്ത ശാസ്ത്രസ്ഥാപനങ്ങളിൽ ഗവേഷണാവസരവും ലഭിക്കും.ഇതോടൊപ്പം, മികച്ച അക്കാദമിക നിലവാരം പുലർത്തുന്നവർക്ക് ഭാഭാ അറ്റോമിക് റിസർച്ച് സെന്റർ ട്രെയ്നിങ് സ്കൂളിലെ പ്രവേശനത്തിനുള്ള അഭിമുഖത്തിൽ നേരിട്ട് പങ്കെടുക്കാം.

ആർക്കൊക്കെ അപേക്ഷിക്കാം

അപേക്ഷാർത്ഥികൾ സയൻസ് സ്ട്രീമിൽ പ്ലസ്ടു പൂർത്തിയാക്കിയവരായിരിക്കണം. സയൻസ് വിഷയങ്ങളിൽ +1, +2 ക്ലാസ്സുകളിൽ ചുരുങ്ങിയത് 60 ശതമാനം മാർക്ക് നേടിയിരിക്കണം. പട്ടികജാതി/വർഗ്ഗ വിഭാഗക്കാർക്ക് 55% മാർക്കു മതി. കൂടാതെ അപേക്ഷകർ 2004 ഓഗസ്റ്റ് 1 നു ശേഷം ജനിച്ചവരായിരിക്കണം.

പരീക്ഷാ ക്രമം

മൂന്നരമണിക്കൂർ നീളുന്ന ഒബ്ജക്ടീവ് രീതിയിലുള്ള കമ്പ്യൂട്ടറധിഷ്ഠിത (CBT) പരീക്ഷയാണ്, പ്രവേശനത്തിന് അടിസ്ഥാനം.രാവിലെ 9 മുതൽ 12.30 വരെയും ഉച്ച തിരിഞ്ഞു 2.30 മുതൽ 6 വരെയുമായി 2 സെഷനുകളുണ്ടാകും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നി വിഭാഗങ്ങളിൽ നിന്നായിരിക്കും ചോദ്യങ്ങൾ .ഓരോ വിഭാഗത്തിൽ നിന്നും 50 മാർക്ക് വീതമുള്ള ചോദ്യങ്ങളാണ് ഉണ്ടാകുക. ഏറ്റവും കൂടുതൽ മാർക്ക് വാങ്ങുന്ന മൂന്ന് സെക്ഷനുകളാണ് റാങ്കിങ്ങിനായി പരിഗണിക്കുക. തെറ്റുത്തരത്തിനു നെഗറ്റീവ് മാർക്ക്, ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷാ സമർപ്പണത്തിനും- https://www.nestexam.in/