നഗര സൗന്ദര്യവൽക്കരണത്തിന് ഒരുങ്ങി നാദാപുരം; ശുചീകരണ പദ്ധതിക്ക് തുടക്കമായി


നാദാപുരം: നാദാപുരം പഞ്ചായത്തിലെ വിവിധ ടൗണുകൾ സൗന്ദര്യവൽക്കരിക്കുന്നതിന്റെ ഭാഗമായ പ്രത്യേക ശുചീകരണ പദ്ധതിക്ക് തുടക്കമായി. ദിവസേന ശുചീകരിക്കുന്ന സ്ഥലങ്ങൾക്ക് പുറമേ 16 സ്ഥലങ്ങൾ കൂടി ആഴ്ചയിൽ ഒരു ദിവസം ശുദ്ധീകരിക്കുന്നതാണ് പദ്ധതി.

പേരോട്, ആവോലം, കക്കംവെള്ളി, നാദാപുരം പൂച്ചാക്കൂൽൽ റോഡ്, പുളിക്കൽ റോഡ്, കസ്തൂരി കുളം, ചിയ്യൂർ, തെരുവംപറമ്പ്, കുമ്മങ്കോട്, കല്ലാച്ചി പൈപ്പ് റോഡ്, ടാക്സി സ്റ്റാൻഡ്, കോർട്ട് റോഡ്, പഞ്ചായത്ത് ഓഫീസ് റോഡ്, പയന്തോങ്ങ്, തേലക്കാട് എന്നീ സ്ഥലങ്ങളിലാണ് പുതുതായി ശുചീകരണം.

ഓരോ മേഖലയിലും ഇതിനായി ഹരിത കർമ്മ സേനാംഗങ്ങളെ ചുമതലപ്പെടുത്തി. ഇവർക്ക് യൂണിഫോം, ബൂട്ട് , ശുചീകരണ ഉപകരണങ്ങൾ എന്നിവ നൽകി. പ്രത്യേക വേതനം നൽകാനുള്ള തുകയും വകയിരുത്തി. വ്യാപാരികളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക.

വ്യാപാരികൾ, ഉദ്യോഗസ്ഥർ എന്നിവരടങ്ങിയ ക്ലസ്റ്റർ കമ്മിറ്റികളും രൂപീകരിച്ചു. പ്ലാസ്റ്റിക് കവറുകൾ ശേഖരിക്കുന്നതിന് 50ലേറെ ബിന്നുകൾ ടൗണുകളിൽ സ്ഥാപിക്കും. ആവശ്യമായ സ്ഥലങ്ങളിൽ ബോട്ടിൽ ബൂത്തുകളും സ്ഥാപിക്കും. റോഡിൻറെ വശങ്ങളിൽ ചെടിച്ചട്ടികൾ സ്ഥാപിക്കും.

ശുചീകരണ പദ്ധതിയുടെ ഉദ്ഘാടനം ചേലക്കാട് പഞ്ചായത്ത് പ്രസിഡൻറ് വി.വി മുഹമ്മദലി നിർവഹിച്ചു.