ഓർക്കാട്ടേരിയിലെ യുവതിയുടെ മരണ കാരണം ഗാർഹിക പീഡനമാണെന്ന് ബന്ധുക്കൾ; പോലീസ് കേസെടുത്തു


നാദാപുരം: യുവതിയുടെ ആത്മഹത്യ ഗാർഹിക പീഡനം മൂലം എന്ന പരാതിയുമായി ബന്ധുക്കൾ രംഗത്ത്. ഓർക്കാട്ടേരി കുന്നുമ്മക്കര സ്വദേശി തണ്ടാർ കണ്ടി ഹബീബിന്റെ ഭാര്യ ഷബീന (30) ആണ് തിങ്കളാഴ്ച രാത്രി ഭർതൃ വീട്ടിൽ വച്ച് തൂങ്ങിമരിച്ചത്.

ഭർതൃ വീട്ടിൽ നിന്നും ഉമ്മയുടെയും സഹോദരിയുടെയും നിരന്തര പീഡനം സഹിക്കവയ്യാതെയാണ് യുവതി മരണപ്പെട്ടതെന്ന് ബന്ധുക്കൾ ആരോപിച്ചു. ആത്മഹത്യ ചെയ്യുന്നതിനുള്ള സാഹചര്യം ഭർത്താവിൻറെ പിതാവ് അറിഞ്ഞിട്ടും ജീവൻ രക്ഷിക്കാനുള്ള ഒരു നടപടിയും അവരും വീട്ടുകാരും എടുത്തില്ല എന്നും ഇവർ പറയുന്നു.

ഹബീബ് വിദേശത്ത് നിന്ന് വരാനിരിക്കെയാണ് സംഭവം. അരൂര്‍ പുളിയം വീട്ടില്‍ അമ്മദിന്റെയും മറിയത്തിന്റെയും മകളാണ് ഷബ്ന. മകള്‍: ഹന ഫാത്തിമ ( വിദ്യാര്‍ത്ഥി). സഹോദരിമാര്‍: സഹ്‌ല, സന്‍ഹ.

പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം കടമേരി ജുമാമസ്ജിദിൽ ഖബറടക്കി. ബന്ധുക്കൾ എടച്ചേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്. അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തു.