ഇരിങ്ങാലക്കുടയിൽ പെട്രോള്‍ പമ്പിലെത്തി ദേഹത്ത് തീകൊളുത്തിയ യുവാവ് മരിച്ചു


ഇരിങ്ങാലക്കുട : പെട്രോള്‍ പമ്പിലെത്തി പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തിയ യുവാവ് മരിച്ചു. കാട്ടുങ്ങച്ചിറ സ്വദേശി ഷാനവാസ് ആണ് മരിച്ചത്. നാൽപ്പത്തിമൂന്ന് വയസായിരുന്നു. ശനിയാഴ്ച രാത്രി എട്ടുമണിയോടെ ഇരിങ്ങാലക്കുട-ചാലക്കുടി സംസ്ഥാനപാതയില്‍ മെറിന ആശുപത്രിക്കു സമീപത്തെ പെട്രോള്‍ പമ്പിലായിരുന്നു സംഭവം.

സ്‌കൂട്ടറിലെത്തിയ ഷാനവാസ് കുപ്പിയില്‍ പെട്രോള്‍ ആവശ്യപ്പെട്ടെങ്കിലും ജീവനക്കാര്‍ അതില്‍ നല്‍കാന്‍ തയ്യാറായില്ല. കാന്‍ കൊണ്ടുവന്നാല്‍ പെട്രോള്‍ നല്‍കാമെന്നു പറഞ്ഞ് തൊട്ടടുത്ത വണ്ടിയില്‍ പെട്രോള്‍ അടിക്കാന്‍ ജീവനക്കാരന്‍ മാറിയ സമയം പെട്രോള്‍ എടുത്ത് തലയിലൂടെ ഒഴിച്ച് തീ കൊളുത്തുകയായിരുന്നെന്ന് ജീവനക്കാര്‍ പറഞ്ഞു. തീ ആളിപ്പടര്‍ന്ന ഉടന്‍തന്നെ ജീവനക്കാര്‍ പമ്പിലെ അഗ്‌നിശമന ഉപകരണം ഉപയോഗിച്ച് അണച്ചിരുന്നുവെങ്കിലും ഗുരുതരമായി പൊള്ളലേല്‍ക്കുകയായിരുന്നു.

ഉടന്‍ തൊട്ടടുത്ത മെറീന ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം ഇയാളെ തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നുവെങ്കിലും മരണത്തിന് കീഴടങ്ങുകയായിരുന്നു.