ദേശീയപാത വികസനം: കുടിവെള്ള പൈപ്പ് പൊട്ടിയാല്‍ 24മണിക്കൂറിനകം നടപടി, സര്‍വ്വീസ് റോഡുകള്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കും


വടകര: ദേശീയപാത നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കുടിവെള്ള പൈപ്പുകള്‍ക്ക് കേടുപാട് സംഭവിച്ചാല്‍ 24മണിക്കൂറിനകം പരിഹരിക്കാന്‍ തീരുമാനമായി. അഴിയൂര്‍ മുതല്‍ മൂരാട് വരെയുള്ള ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് ആര്‍.ഡി.ഒ വിളിച്ചു ചേര്‍ത്ത് യോഗത്തിലാണ് തീരുമാനം.

കുഞ്ഞിപ്പള്ളിയില്‍ ഉയരപ്പാത, മടപ്പള്ളി – നാദാപുരം റോഡ്, മുക്കാളി എന്നിവിടങ്ങളില്‍ അടിപ്പാത, പാലയാട് നടയില്‍ ഫൂട്ട് ഓവര്‍ ബ്രിഡ്ജ് എന്നിവ വേണമെന്ന് വിവിധ ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ യോഗത്തില്‍ ആവശ്യപ്പെട്ടു. തലശ്ശേരി – മാഹി ബൈപ്പാസില്‍ തെരുവ് വിളക്കുകള്‍ സ്ഥാപിക്കാനുള്ള നടപടി ഊര്‍ജ്ജിതപ്പെടുത്തണമെന്ന് യോഗത്തില്‍ ആവശ്യപ്പെട്ടു. ലൈറ്റുകള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുക്കുമെന്ന്‌ ദേശീയപാത അതോറിറ്റി പ്രതിനിധി അറിയിച്ചു.

സര്‍വ്വീസ് റോഡുകളുടെ പ്രവൃത്തി ആരംഭിച്ചാല്‍ കാലതാമസമില്ലാതെ പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി. കൂടാതെ ചോമ്പാല്‍ ബംഗ്ലാവില്‍ ഭാഗത്ത് നിര്‍മ്മിച്ച അഴുക്കുചാലില്‍ വെള്ളം പുറത്തേക്ക് പോകാനായി പൈപ്പ് ലൈന്‍ സംവിധാനം ഒരുക്കുമെന്ന് കരാര്‍ കമ്പനി പ്രതിനിധകള്‍ യോഗത്തില്‍ അറിയിച്ചു.

കെ.കെ രമ എംഎല്‍എ അധ്യക്ഷത വഹിച്ചു. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി.സജിത് കുമാര്‍, ഡി.ഒ അന്‍വര്‍ സാദത്ത്, സതീശന്‍ കുരിയാടി. വടയക്കണ്ടി നാരായണന്‍, കെ.പ്രകാശന്‍, പ്രദീപ് ചോമ്പാല, കെ.സോമശേഖരന്‍, തഹസില്‍ദാര്‍ സുരേഷ് ചന്ദ്രബോസ്, ലാന്‍ഡ് അക്വിസിഷന്‍ തഹസില്‍ദാര്‍ എം.രേഖ, ദേശീയപാത എഞ്ചിനീയര്‍ തേജ്പാല്‍, വിവിധ ആക്ഷന്‍ കമ്മിറ്റി പ്രതിനിധികള്‍ തുടങ്ങിയവര്‍ സംസാരിച്ചു.