മാനസികപിരിമുറുക്കങ്ങളോട് ഗുഡ് ബൈ പറഞ്ഞോളൂ; ഹാപ്പി മൂഡിലിരിക്കാൻ  ചില ഹാപ്പി ഫുഡുകളിതാ


ഹാപ്പി മൂഡിലിരിക്കാൻ തന്നെയാണ് എല്ലാവർക്കും ആഗ്രഹം. എന്നാൽ ജോലി സംബന്ധമായും അല്ലാതെയുമുള്ള കാരണങ്ങളാൽ മാനസിക പിരിമുറുക്കങ്ങൾ നമ്മളെ വിട്ടൊഴിയാറുമില്ല. എന്നാൽ മാനസികമായ ബുദ്ധിമുട്ടുകൾ മാത്രമാണോ നമ്മുടെ മോശം മൂഡിന് കാരണം. ഒരിക്കലുമല്ല.

ശരീരത്തിൽ ചില ഭക്ഷണങ്ങളുടെയും പോഷകങ്ങളുടെയും അഭാവവും നമ്മുടെ സന്തോഷത്തെ അപഹരിക്കാം.

സന്തോഷകരമായ മൂഡിലേക്ക് നമ്മളെ നയിക്കുന്ന ഭക്ഷണങ്ങൾ ഉണ്ടെന്നറിയാമോ? എന്തെല്ലാമാണത് നമുക്ക് പരിശോധിക്കാം.

ഹാപ്പിയാക്കുന്ന ഭക്ഷണങ്ങളിൽ പ്രധാനിയാണ് ചോക്ലേറ്റ്. ഇവയിൽ മൂഡ് ബൂസ്റ്റിംഗ് സംയുക്തങ്ങൾ അടങ്ങിയിട്ടുണ്ട്. കൂടാതെ ഇതിലടങ്ങിയ പഞ്ചസാര സന്തോഷം വർദ്ധിപ്പിക്കുന്നതിനുള്ള നല്ലൊരു ഉറവിടമാണ്. മനുഷ്യരിലെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുന്ന കഫീൻ, തിയോബ്രോമിൻ, എൻ-അസിലെതനോലമൈൻ തുടങ്ങിയ നിരവധി സംയുക്തങ്ങളും ചോക്ലേറ്റിലുണ്ട്.

ബെറി പഴങ്ങൾ കഴിക്കുന്നതും സന്തോഷദായകമാണ്.
ആന്റിഓക്‌സിഡന്റുകളാലും ഫിനോളിക് സംയുക്തങ്ങളാലും സമ്പന്നമായതിനാൽ ബെറി പഴങ്ങൾ വിഷാദരോഗത്തിനുള്ള സാധ്യത കുറയ്ക്കുന്നു. ഓക്‌സിഡേറ്റീവ് സ്ട്രെസ് ചെറുക്കുന്നതിലും ഇവ പ്രധാന പങ്ക് വഹിക്കുന്നുണ്ട്. ഇവയിൽ അടങ്ങിയിട്ടുള്ള ആന്തോസയാനിനുകൾ വിഷാദ രോഗലക്ഷണങ്ങളുടെ അപകടസാധ്യത കുറയ്ക്കാനും ശരീരത്തിൽ കൂടുതൽ സന്തോഷകരമായ ഹോർമോണുകൾ പുറപ്പെടുവിക്കാനും സഹായിക്കുന്നു.

വിവിധ തരം നട്സുകളും മാനസികാവസ്ഥയെ ഉത്തേജിപ്പിച്ച് സന്തോഷം പ്രധാനം ചെയ്യുന്നു. നട്സിൽ പ്രോട്ടീനുകൾ, ആരോഗ്യകരമായ കൊഴുപ്പുകൾ, നാരുകൾ, ട്രിപ്റ്റോഫാൻ തുടങ്ങിയവയെല്ലാം ധാരാളം അടങ്ങിയിട്ടുണ്ട്. അവയിലെ ട്രിപ്റ്റോഫാൻ സെറോടോണിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുകയും ഉത്പാദിപ്പിക്കപ്പെടുന്ന സെറോടോണിൻ നമ്മുടെ മാനസികാവസ്ഥയെ മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

വിറ്റാമിൻ ബി6, നാരുകൾ, പ്രകൃതിദത്ത പഞ്ചസാര എന്നിവയാൽ സമ്പന്നമായ വാഴപ്പഴത്തിനും സന്തോഷം നൽകാനുള്ള കഴിവുണ്ട്. വാഴപ്പഴത്തിലെ വിറ്റാമിൻ ബി 6 ഡോപാമൈൻ, സെറോടോണിൻ തുടങ്ങിയവയെ ഉദ്പാദിപ്പിച്ച് നല്ല ന്യൂറോ ട്രാൻസ്മിറ്ററുകളെ സമന്വയിപ്പിക്കാൻ സഹായിക്കുന്നു. കൂടാതെ ഇവയിലെ പഞ്ചസാരയും നാരുകളും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഏറെ സഹായകമാണ്.

ഡോകോസഹെക്സെനോയിക് ആസിഡ്, ഇക്കോസാറ്റെട്രെനോയിക് ആസിഡ് എന്നങ്ങനെ രണ്ട് തരം ഒമേഗ -3 ഫാറ്റി ആസിഡുകളാൽ സമ്പന്നമായ ഫാറ്റി ഫിഷുകൾ വിഷാദരോഗ സാധ്യത കുറയ്ക്കാനും നിങ്ങളുടെ സന്തോഷം വർദ്ധിപ്പിക്കാനും സഹായകമാണ്.