സഞ്ചാരികളുടെ പറുദീസയായ വാഗമണ്ണിലേക്ക് മികച്ച പാക്കേജ്; കോഴിക്കോടു നിന്നും ബജറ്റ് ഫ്രണ്ട്ലി യാത്രയുമായി കെഎസ്ആര്‍ടിസി


കോഴിക്കോട്: കുറഞ്ഞ ചെലവില്‍ സഞ്ചാരികളുടെ പറുദീസ ആയ വാഗമണ്ണിന്റെ ഭംഗി ആസ്വദിക്കാന്‍ അവസരമൊരുക്കാനൊരുങ്ങി കെഎസ്ആര്‍ടിസി. കോഴിക്കോട് ബജറ്റ് ടൂറിസം സെല്ലാണ് വാഗമണ്ണിലേക്ക് യാത്ര ഒരുക്കുന്നത്. രണ്ട് ദിവസമാണ് ട്രിപ്പ്. മലയും കുന്നും കോടയും ട്രക്കിംഗുമൊക്കെ ആസ്വദിച്ച് രണ്ടാം ദിനം ആലപ്പുഴയുടെ ഭംഗി ആസ്വദിക്കാനാണ് കെഎസ്ആര്‍ടിസി സഞ്ചാരികളെ എത്തിക്കുന്നത്.

കോഴിക്കോട് നിന്ന് രാത്രി 10 മണിയോടെ ആരംഭിക്കുന്ന യാത്ര പുലര്‍ച്ചെ വാഗമണ്ണില്‍ എത്തും. തേയില തോട്ടങ്ങള്‍ക്കിടയിലൂടെയുള്ള വളഞ്ഞ വഴികളിലൂടെയുള്ള യാത്ര എത്തിച്ചേരുന്നത് മൊട്ടക്കുന്നിലേക്കും പൈന്‍ വാലിയിലേക്കുമാണ്. തട്ടുകളായി അടുക്കി വെച്ചതുപോലുള്ള പൈന്‍മരങ്ങള്‍ കാണുമ്പോള്‍ തന്നെ മനം കവരും.

പേരുപോലെ തന്നെ മൊട്ടക്കുന്നുകളും വന്‍ കാഴ്ച വിരുന്നാണ് സഞ്ചാരികള്‍ക്കായി ഒരുക്കുന്നത്. യാത്രയില്‍ ആത്മഹത്യ മുനമ്പും അഡൈ്വഞ്ചര്‍ പാര്‍ക്കും സന്ദര്‍ശിക്കാനവസരമുണ്ട്. ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ ഗ്ലാസ് പാലമാണ് ഏറ്റവും പുതിയതായി വാഗമണ്‍ ഒരുക്കിയിരിക്കുന്നത്.

ഇവിടെങ്ങളിലേക്ക് കെഎസ്ആര്‍ടിസി ബസില്‍ തന്നെ സഞ്ചാരികള്‍ക്ക് എത്താവുന്നാതാണ്. ട്രക്കിംഗ് പോയിന്റിലേക്ക് ജീപ്പില്‍ സഞ്ചരിക്കാനും അവസരമുണ്ടാകും. തുടര്‍ന്ന് രാത്രി വാഗമണ്ണിലെ തണുപ്പ് ആസ്വദിക്കാനുള്ള അവസരവും കെഎസ്ആര്‍ടിസി നല്‍കുന്നു. രാത്രി വാഗമണിന്റെ ഹൃദയഭാഗത്ത് താമസിക്കാനുള്ള സൗകര്യവും പാക്കേജിലുണ്ട്.

പിറ്റേന്ന് രാവിലെ ആലപ്പുഴയിലേക്കാണ് യാത്ര തിരിക്കുക. സ്പീഡ് ബോട്ടില്‍ ആലപ്പുഴയില്‍ നിന്നും കയറി പുന്നമട – വേമ്പനാട് കായല്‍ – മുഹമ്മ – പാതിരാമണല്‍ – കുമരകം – ആര്‍ ബ്ലോക്ക് -മാര്‍ത്താണ്ഡം – ചിത്തിര – സി ബ്ലോക്ക് – കുപ്പപ്പുറം വഴി തിരികെ ആലപ്പുഴയില്‍ എത്തിച്ചേരുന്ന വിധത്തിലാണ് യാത്ര. ഏകദേശം നാല് മണിക്കൂര്‍ നീളുന്നതാണ് ഈ യാത്ര.

ഈ മാസം 15-നാണ് യാത്ര. തീയതിയില്‍ മാറ്റം വരാന്‍ സാധ്യതയുള്ളതായി കെഎസ്ആര്‍ടിസി അറിയിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9544477954 എന്ന നമ്പറില്‍ ബന്ധപ്പെടാം. കൂടാതെ എല്ലാ വെള്ളിയാഴ്ച്ചകളിലും മൂന്നാര്‍ യാത്രയും 16ന് നെല്ല്യാമ്പതിയിലേക്കും യാത്ര ഒരുക്കുന്നതായും കെ.എസ്.ആര്‍.ടി.സി അധികൃതര്‍ അറിയിച്ചു.