നവംബര്‍ മാസത്തിലെ യാത്രകള്‍ പ്ലാന്‍ ചെയ്യാം; കോഴിക്കോട് നിന്നും മൂന്നാര്‍, ഗവി, നെല്ലിയാമ്പതി തുടങ്ങി തകര്‍പ്പന്‍ യാത്രകളുമായി കെ.എസ്.ആര്‍.ടി.സി ബജറ്റ് ടൂറിസം സെല്‍ ഒരുങ്ങി


കോഴിക്കോട്: കോഴിക്കോട് നിന്നും കെ.എസ്.ആര്‍.ടി.സി. ബജറ്റ് ടൂറിസം സെല്‍ നവംബര്‍ മാസത്തില്‍ നടത്താനൊരുങ്ങുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രാ പാക്കേജുകള്‍ പ്രഖ്യാപിച്ചു. മൂന്നാര്‍ മുതല്‍ ഗവി വരെ കേരളത്തിലെ പ്രമുഖ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കെല്ലാം യാത്രാകള്‍ ഉണ്ടായിരിക്കും. നവംബര്‍ മാസം ആകെ 18 പാക്കേജുകളാണ് കോഴിക്കോട് നിന്ന് പുറപ്പെടുക.

360 രൂപ മുതല്‍ 4460 രൂപ വരെയാണ് ഈ പാക്കേജുകളുടെ ടിക്കറ്റ് നിരക്ക്. 360 രൂപ ടിക്കറ്റ് നിരക്കുള്ള ജാനകിക്കാട് യാത്രയാണ് ഇതില്‍ ഏറ്റവും ചെലവ് കുറഞ്ഞത്. 4460 രൂപ ടിക്കറ്റ് നിരക്കുള്ള വാഗമണ്‍ കുമളി യാത്രയാണ് ഏറ്റവും ദീര്‍ഘമേറിയതും ചെലവ് കൂടിയതുമായ യാത്ര. ഏറ്റവും ജനപ്രിയ യാത്രകളിലൊന്നായ ഗവി – പരുന്തന്‍പാറ യാത്രയ്ക്ക് 3400 രൂപയാണ് ടിക്കറ്റ് നിരക്ക്.

കൂടാതെ സൈലന്റ് വാലി, മൂന്നാര്‍, നെല്ലിയാമ്പതി, തുഷാരഗിരി-തൊള്ളായിരംകണ്ടി, മലമ്പുഴ തുടങ്ങിയ നിരവധി യാത്രകളും ഒരുക്കിയിട്ടുണ്ട്. എല്ലാ യാത്രകളും പുറപ്പെടുക കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്റില്‍ നിന്നാണ്.

ദീര്‍ഘ ദൂരയാത്രകളില്‍ ചില പാക്കേജുകളില്‍ താമസവും ഭക്ഷണവും ഉള്‍പ്പെടുന്നുണ്ട്. അന്വേഷണങ്ങള്‍ക്കും ബുക്കിങ്ങിനുമായി 9544477954, 9961761708 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.