‘ ഒഞ്ചിയത്തെ യുവാക്കളുടെ ദാരുണാന്ത്യം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നത്’; മരണത്തിൽ സമ​ഗ്രാന്വേഷണം വേണമെന്ന് കെ കെ രമ എം.എൽ.എ


ഒഞ്ചിയം: നെല്ലാച്ചേരി പള്ളിയുടെ പിറകിലെ ആളൊഴിഞ്ഞ പറമ്പിൽ യുവാക്കളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സമഗ്ര പൊലീസ് അന്വേഷണം നടത്തണമെന്ന് കെകെ രമ എം.എൽ.എ. യുവാക്കളുടെ ദാരുണാന്ത്യം സമൂഹ മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അമിതമായ ലഹരി ഉപയോഗമാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. ലഹരി വിതരണ സ്രോതസ്സുകളെ കണ്ടെത്തി വിദ്യാര്‍ത്ഥികളേയും യുവാക്കളേയും മരണത്തോളമെത്തിക്കുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ ഭരണകൂടം അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെകെ രമ ആവശ്യപ്പെട്ടു.

കെ.കെ രമ പറഞ്ഞത്: കുന്നുമ്മക്കരയിലെ രണ്ടു യുവാക്കളുടെ മരണം സമഗ്രമായ പോലീസ് അന്വേഷണം നടക്കണം. ലഹരിമാഫിയക്കെതിരെ സമൂഹ മനസ്സാക്ഷി ഉണരണം. കുന്നുമ്മക്കരയില്‍ രണ്ട് യുവാക്കളുടെ ദാരുണന്ത്യം സമൂഹ മനസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. അമിതമായ ലഹരി ഉപയോഗമാണ് മരണത്തിന് കാരണം എന്നാണ് പ്രാഥമിക വിവരം. ലഹരി മാഫിയ സംഘം എത്രത്തോളം നമ്മുടെ ചുറ്റുപാടുകളില്‍ സജീവമാണെന്ന് തെളിയിക്കുന്നതാണ് നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന ഇത്തരം സംഭവങ്ങള്‍.

ലഹരി മാഫിയ സംഘങ്ങള്‍ക്ക് എതിരായ നിയമനടപടികള്‍ എത്ര കണ്ടു ദുര്‍ബലമാണെന്നത് ഓരോ ദിവസവും നാം തിരിച്ചറിയുകയാണ്. ലഹരിക്കെതിരായ പ്രതിരോധം കേവലം രാഷ്ട്രീയ പ്രചാരണങ്ങളായി മാറുകയും പോലീസും എക്‌സൈസ് വിഭാഗവുമെല്ലാം സ്വീകരിക്കേണ്ട നിയമ നടപടികളില്‍ കുറ്റകരമായ വീഴ്ച സംഭവിക്കുകയുമാണ്. കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് ഇതിനോട് തൊട്ടടുത്ത പ്രദേശമായ ആദിയൂരിലെ ബസ്സ്‌സ്റ്റോപ്പില്‍ രണ്ട് യുവാക്കള്‍ ഇതുപോലെ മരണപ്പെട്ടു കിടക്കുന്നത് കണ്ടത്. അതും ലഹരി ഉപയോഗത്തിന്റെ ഭാഗമായി സംഭവിച്ചതാണ് എന്നാണ് പോലീസ് വിശദീകരണം. ഇതുസംബന്ധിച്ചും കൂടുതല്‍ അന്വേഷണം നടത്താനോ ആരാണ് ഇത്തരം ലഹരി മാഫിയ സംഘത്തിന്റെ പ്രധാന കണ്ണികള്‍ എന്ന് കണ്ടെത്തി നിയമത്തിനു മുന്‍പില്‍ കൊണ്ടുവരാനോ കഴിഞ്ഞില്ല എന്നതും അങ്ങേയറ്റം കുറ്റകരമായ അനാസ്ഥയാണ്. ലഹരി വിതരണ സ്രോതസ്സുകളെ കണ്ടെത്തി വിദ്യാര്‍ത്ഥികളേയും യുവാക്കളേയും വഴിതെറ്റിക്കുന്ന മരണത്തോളമെത്തിക്കുന്ന അവസ്ഥയ്ക്ക് ശാശ്വത പരിഹാരം കാണാന്‍ വേണ്ട അടിയന്തര നടപടി ഭരണകൂടം സ്വീകരിക്കണം.