ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി വ്യവസായ രംഗത്തെ ഹബ്ബായി മാറാന്‍ കോഴിക്കാട്;  ഇനി എല്ലാവര്‍ഷവും കേരളാ ടെക്നോളജി എക്സ്പോ കോഴിക്കാട് നടക്കും


കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി വ്യവസായ രംഗത്തെ ഒരു പ്രധാന ഹബ്ബായി കോഴിക്കോടിനെ വികസിപ്പിച്ചെടുക്കുക എന്ന ലക്ഷ്യത്തിലൂന്നി ഇനി എല്ലാവര്‍ഷവും കേരളാ ടെക്നോളജി എക്സ്പോ (കെ.​ടി.​എ​ക്സ‌്) കോഴിക്കോട് നടത്താന്‍ തീരുമാനമായി.  എക്സ്പോയുടെ ആ​ദ്യ പ​തി​പ്പ് ഫെ​ബ്രു​വ​രി 29 മു​ത​ൽ മാ​ർ​ച്ച് ര​ണ്ട് വ​രെ കാ​ലി​ക്ക​റ്റ് ട്രേ​ഡ് സെ​ന്റ​റി​ൽ ന​ട​ക്കും. ഇതുവഴി ഇ​ന്ത്യ​ൻ ടെ​ക്നോ​ള​ജി വ്യ​വ​സാ​യ​ത്തി​ന്റെ മ​​​ധേ​ഷ്യ​ൻ വി​പ​ണി​യി​ലേ​ക്കു​ള്ള ക​വാ​ട​മാ​യി കോഴിക്കോടിനെ മാറ്റാന്‍ സാധിക്കുമെന്നാണ് സംഘാടകര്‍ അഭിപ്രായപ്പെടുന്നത്.

പ്ര​മു​ഖ വ്യ​വ​സാ​യ, അ​ക്കാ​ദ​മി​ക്, ഗ​വ​ൺ​മെ​ന്റ് സ്ഥാ​പ​ന​ങ്ങ​ളായ മ​ല​ബാ​ർ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ‌്, കാ​ലി​ക്ക​റ്റ് ഫോ​റം ഫോ​ർ ഐ.​ടി, ​ഐ.​ഐ.​എം കോ​ഴി​ക്കോ​ട്, എ​ൻ.​ഐ.​ടി കാ​ലി​ക്ക​റ്റ്, കേ​ര​ള സ്റ്റേ​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ലി​മി​റ്റ​ഡ്, കോ​ൺ​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് റി​യ​ൽ എ​സ്റ്റേ​റ്റ് ഡെ​വ​ല​പ്പേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ (ക്രെ​ഡാ​യ്), കേ​ര​ള, കാ​ലി​ക്ക​റ്റ് മാ​നേ​ജ്‌​മെ​ന്റ് അ​സോ​സി​യേ​ഷ​ൻ, യു.​എ​ൽ സൈ​ബ​ർ പാ​ർ​ക്ക്, ഗ​വ. സൈ​ബ​ർ പാ​ർ​ക്ക് എ​ന്നി​ങ്ങ​നെ​യു​ള്ളവ ഒ​ന്നി​ച്ച് രൂ​പ​വ​ത്ക​രി​ച്ച കാ​ലി​ക്ക​റ്റ് ഇ​ന്നൊ​വേ​ഷ​ൻ ആ​ൻ​ഡ് ടെ​ക്നോ​ള​ജി ഇ​നീ​ഷ്യേ​റ്റി​വ് (CITI 2.0) സൊ​സൈ​റ്റിയുടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്  എക്സ്പോ നടക്കുന്നത്.

മൂ​ന്ന് കൊ​ല്ല​ത്തി​നി​ടെ ഒ​രു​ല​ക്ഷം പേ​ർ​ക്ക് ഐ.​ടി ​മേ​ഖ​ല​യി​ൽ തൊ​ഴി​ൽ ഉ​റ​പ്പാ​ക്കു​ക​യാ​ണ് പദ്ധതിയുടെ ല​ക്ഷ്യം. ഐ.​ടി മേ​ഖ​ല​യി​ൽ വി​ശാ​ല​മാ​യ സാ​ധ്യ​ത​ക​ൾ തു​റ​ക്കു​ന്ന​തി​നും ന​ഗ​ര​ത്തെ ഇ​ന്ത്യ​യി​ലെ വ​ള​രു​ന്ന ഐ.​ടി കേ​ന്ദ്ര​മാ​യി ഉ​യ​ർ​ത്തു​ന്ന​തി​നു​മു​ള്ള ശ്ര​മം ഇതിലൂടെ ഊര്‍ജ്ജിതമാക്കും.

ചെ​ല​വ് കു​റ​ഞ്ഞ​തും എന്നാല്‍ മികച്ച സൌകര്യങ്ങളോട് കൂടിയതുമായ പ്ര​ദേ​ശം എ​ന്ന നി​ല​യി​ലാണ് ഇത്തരമൊരു എക്സ്പോ നടത്താന്‍ കോ​ഴി​ക്കോ​ടി​​നെ തിരഞ്ഞെടുത്തത്. ടെ​ക്നോ​ള​ജി ക​മ്പ​നി​ക​ളെ പ്ര​തി​നി​ധാ​നം​ചെ​യ്യു​ന്ന 200ല​ധി​കം സ്റ്റാ​ളു​ക​ൾ, 100ല​ധി​കം മു​ൻ​നി​ര പ്രാ​സം​ഗി​ക​ർ, 6000ത്തി​ല​ധി​കം പ്ര​ഫ​ഷ​ന​ലു​ക​ള്‍ ബി​സി​ന​സുകാര്‍ തുടങ്ങിയവരെല്ലാം പരിപാടിയില്‍ പങ്കെടുക്കും.