തിരുവള്ളൂരില്‍ അമ്മയും ആറ് മാസം പ്രായമുള്ള കുഞ്ഞടക്കം രണ്ട് കുട്ടികളും കിണറ്റില്‍ മരിച്ച നിലയില്‍


തിരുവള്ളൂര്‍: വടകര തിരുവള്ളൂരില്‍ അമ്മയെയും രണ്ട് കുട്ടികളെയും കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. തിരുവള്ളൂര്‍ മഹാശിവക്ഷേത്രത്തിനു സമീപം കുനിയില്‍ മഠത്തില്‍ നിധീഷ് നമ്പൂതിരിയുടെ ഭാര്യ അഖില (32), മക്കളായ കശ്യപ് (6), വൈഭവ് ആറ് മാസം എന്നിവരാണ് മരിച്ചത്. ഞായറാഴ്ച്ച രാവിലെ ഏതാണ്ട് 11 മണിയോടെയാണ് സംഭവം.

വീടിന് പുറത്ത് പോയിരുന്ന ഭര്‍ത്താവ് നിധീഷ് അഖിലയുടെ ഫോണിലേക്ക് വിളിച്ചിട്ട് എടുക്കാത്തതിനാല്‍ നടത്തിയ തെരച്ചിലിലാണ് കിണറില്‍ മൂവരെയും മരിച്ച നിലയില്‍ കണ്ടത്. തുടര്‍ന്ന് നാട്ടുകാര്‍ ഓടിയെത്തി ഒരു കുട്ടിയെ പുറത്തെടുത്തു. പിന്നാലെ വടകരയില്‍ നിന്നും ഫയര്‍ഫോഴ്‌സെത്തി അമ്മയെയും മറ്റൊരു കുട്ടിയെയും പുറത്തെടുക്കുകയായിരുന്നു.

മൂന്ന് പേരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം വടകരയിലെ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച് വരികയാണെന്ന് പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)