കാവിലുംപാറ പഞ്ചായത്തിലെ വനമേഖലയോട് ചേര്‍ന്ന പ്രദേശങ്ങളില്‍ കാട്ടാനയുടെ വിളയാട്ടം; കര്‍ഷകര്‍ ആശങ്കയില്‍


കുറ്റ്യാടി: വനാതിര്‍ത്തി പ്രദേശങ്ങളില്‍ കാട്ടാന ശല്യം, പൊറുതിമുട്ടി കര്‍ഷകര്‍. കാവിലുംപാറ പഞ്ചായത്തിലെ പൊയിലോംചാല്‍, പുത്തന്‍ പിടികയില്‍ കുന്ന്, ഏലമല ഭാഗങ്ങളിലെയും കരിങ്ങാട് മേഖലയിലെയും കര്‍ഷകരാണ് നിരന്തരമായ കാട്ടാന ശല്യത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നത്. സന്ധ്യമയങ്ങുന്നതോടെ കൃഷിഭൂമിയിലേക്ക് ഇറങ്ങുന്ന ആനകള്‍ കാര്‍ഷിക വിളകള്‍ക്ക് കനത്ത നാശമാണ് വരുത്തുന്നതെന്നാണ് കര്‍ഷകര്‍ പറയുന്നത്.

കൃഷിയിടത്തിലിറങ്ങുന്ന കാട്ടാന വാഴകളും മറ്റ് ഇടവിളകൃഷികളും ചവിട്ടിമെതിക്കുകയും മരങ്ങളുടെ ശിഖരങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നു. തെങ്ങുകള്‍ ചവിട്ടി മറിക്കുന്നതും പതിവായിട്ടുണ്ട്. പ്രധാനമായും തെങ്ങ്, കവുങ്ങ്, വാഴ, കപ, ഗ്രാമ്പു, ജാതി, പ്ലാവ്, കശുമാവ്, എന്നിവയാണ് കാട്ടാനകള്‍ നശിപ്പിക്കുന്നത്.

പ്രദേസവാസികളായ കടത്തലകുന്നേല്‍ ആന്റണി, കടത്തല കുന്നേല്‍ വര്‍ഗീസ്, കടത്തല കുന്നേല്‍ ചാക്കോ, ഐക്കരപറമ്ബില്‍ പ്രഭാകരന്‍, വിളികല്ലുമ്മേല്‍ ഷാജന്‍, ആലപ്പാട്ട് ജോണി, ആലപ്പാട്ട് തോമസ് കുട്ടി, തുടങ്ങിയവരുടെ വിളകയാണ് കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചത്. രാത്രിയില്‍ കാട്ടാനക്കൂട്ടം വിഹരിക്കുന്നതിനാല്‍ അത്യാവശ്യ കാര്യങ്ങള്‍ക്കു പോലും പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയിലാണെന്ന് പ്രദേശവാസികള്‍ പറയുന്നു.

കാട്ടാനകള്‍ക്ക് പുറമെ കുരങ്ങ്, കാട്ട് പന്നി, ചെന്നായ തുടങ്ങിയ മൃഗങ്ങളും കര്‍ഷകര്‍ക്ക് പ്രതിസന്ധിയാവുന്നു. കര്‍ഷകരുടെ ദുരിതത്തിന് ബന്ധപ്പെട്ട അധികൃതരുടെ ഭാഗത്തുനിന്നും ഉടന്‍ നടപടി ഉണ്ടാവണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു.