കക്കയം, വയനാട് ഉള്‍പ്പെടെ വന്യജീവി സങ്കേതങ്ങള്‍ സന്ദര്‍ശിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? എങ്കില്‍ പണം മുടക്കില്ലാതെ കാര്യം നേടാം; വിശദമായി അറിയാം


കോഴിക്കോട്: വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ എല്ലാ ദേശീയോദ്യാനങ്ങളിലും കടുവ സംരക്ഷണ കേന്ദ്രങ്ങളിലും വിവിധ വന്യജീവി സങ്കേതങ്ങളിലും സൗജന്യ പ്രവേശനം അനുവദിക്കുന്നു. ഒക്ടോബര്‍ 2 മുതല്‍ 8 വരെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം ഉണ്ടായിരിക്കുക.

വാരാഘോഷത്തോട് അനുബന്ധിച്ച് നടക്കുന്ന മത്സര പരിപാടികളില്‍ വിജയിക്കുന്നവര്‍ക്ക് 8 മുതല്‍ ഒരു വര്‍ഷത്തേക്ക് എല്ലാ സംരക്ഷണ പ്രദേശങ്ങളിലും പ്രവേശനം സൗജന്യമായി നല്‍കുമെന്നും വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ.ശശീന്ദ്രന്‍ അറിയിച്ചു.

മലബാര്‍ വന്യജീവി സങ്കേതത്തിന്റെ ഭാഗമായ കക്കയം, വയനാട് വന്യജീവി സങ്കേതത്തിന്റെ ഭാഗമായ മുത്തങ്ങ, തോല്‍പെട്ടി എന്നിവിടങ്ങളിലാണ് സൗജന്യപ്രവേശനം അനുവദിക്കുക. മത്സരങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ https://forest.kerala.gov.in വനം-വന്യജീവി വകുപ്പിന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.