കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം: ഇതുവരെയായി രജിസ്റ്റര്‍ ചെയ്തത് നാലു കേസുകള്‍, ചുമത്തിയത്‌ കലാപാഹ്വാനം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍


വടകര: വടകര ലോക്‌സഭാ മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി കെ.കെ ശൈലജ ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണത്തില്‍ ഇതുവരെയായി രജിസ്റ്റര്‍ ചെയ്തത് നാലു കേസുകള്‍. സംഭവത്തില്‍ മുസ്ലിം ലീഗ് ന്യൂമാഹി പഞ്ചായത്ത് സെക്രട്ടറിയും ന്യൂ മാഹി പഞ്ചായത്ത് അംഗവുമായ അസ്ലമിനെതിരെയാണ് പോലീസ് ആദ്യം കേസെടുത്തത്.

ടീച്ചര്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന് മങ്ങാട് സ്‌നേഹതീരം എന്ന വാട്‌സ്ആപ്പ് ഗ്രൂപ്പിലായിരുന്നു അസ്ലം വ്യാജ പ്രചാരണം നടത്തിയത്. റിപ്പോര്‍ട്ടര്‍ ചാനലില്‍ പരിപാടിക്കിടെ കെ.കെ ശൈലജ പറഞ്ഞ വാക്കുകള്‍ എഡിറ്റ് ചെയ്ത് മുസ്ലീംകള്‍ വര്‍ഗീയവാദികളാണെന്ന് കെ.കെ ശൈലജ പറഞ്ഞുവെന്ന തരത്തിലാണ് ഇയാള്‍ ഗ്രൂപ്പില്‍ വ്യാജ പ്രചാരണം നടത്തിയത്. സമൂഹത്തില്‍ ലഹള ഉണ്ടാക്കണമെന്ന് ഉദ്ദേശത്തോടെയാണ്‌ പോസ്റ്റ് ഇട്ടതെന്നാണ് ഇയാള്‍ക്കെതിരെ രജിസ്റ്റര്‍ ചെയ്ത എഫ്.ഐ.ആറില്‍ പറയുന്നത്.

സംഭവത്തില്‍ പേരാമ്പ്ര വാളൂര്‍ സ്വദേശിക്കെതിരെയും കേസെടുത്തിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ സല്‍മാന്‍ വാളുരിനെതിരെ പേരാമ്പ്ര പോലീസാണ് കേസെടുത്തത്. ലഹളയും പ്രകോപനവും ഉണ്ടാക്കുന്ന തരത്തില്‍ വീഡിയോയും ചിത്രങ്ങളും എഡിറ്റ് ചെയ്ത് സോഷ്യല്‍മീഡിയ വഴി പ്രചരിപ്പിച്ചതിനാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്‌.

ടീച്ചര്‍ക്കെതിരെ അശ്ശീല പോസ്റ്റ് ഉണ്ടാക്കി പ്രചരിപ്പിച്ചതിന് നടുവണ്ണൂര്‍ സ്വദേശിയായ ഗള്‍ഫ്‌ പ്രവാസിക്കെതിരെയാണ് മൂന്നാമത്തെ കേസ്. നടുവണ്ണൂര്‍ സ്വദേശിയായ കെ.എം മിന്‍ഹാജിനെ പ്രതിയാക്കി മട്ടന്നൂര്‍ പോലീസാണ്‌ കേസ് എടുത്തത്.

ടീച്ചര്‍ നേരെയുള്ള സൈബര്‍ ആക്രമണത്തില്‍ ബാലുശ്ശേരിയിലെ കോണ്‍ഗ്രസ് നേതാവിനെതിരെ സി.പി.എം ഇന്ന് പരാതി നല്‍കിയിട്ടുണ്ട്‌. ബാലുശ്ശേരിയിലെ ഏഴാം വാര്‍ഡ് മെമ്പറായ ഹരീഷ് കുമാര്‍ ബി.കെ (ഹരീഷ് നന്ദനം)ത്തിനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സിപിഎം ബാലുശ്ശേരി ലോക്കല്‍ ഇലക്ഷന്‍ കമ്മിറ്റിയാണ് ബാലുശ്ശേരി പൊലീസില്‍ പരാതി നല്‍കിയത്.

സൈബര്‍ ആക്രണത്തില്‍ ദിവസങ്ങള്‍ക്ക് മുമ്പാണ് തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പാകെ ശൈലജ ടീച്ചര്‍ പരാതി നല്‍കിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം ലംഘിച്ചുകൊണ്ട് യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ മുഖ്യനേതൃത്വത്തില്‍ നവമാധ്യമങ്ങളിലൂടെ നടക്കുന്ന പ്രചരണങ്ങള്‍ക്കെതിരെ സത്വര നടപടി സ്വീകരിക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്.

തന്റെ ഫോട്ടോകള്‍ മോര്‍ഫ് ചെയ്തും സംഭാഷണം എഡിറ്റ് ചെയ്തും വ്യാപകമായി വ്യാജ പ്രചരണം നടത്തുകയാണെന്ന്  പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വ്യക്തിഹത്യ നടത്തിയും ദുരാരോപണം ഉന്നയിച്ചും വ്യാപകമായ നിലയില്‍ സൈബറിടം ദുരുപയോഗം നടത്തുന്നു. ഇതുമായി ബന്ധപ്പെട്ട് പൊലീസിന് ശൈലജ ടീച്ചറും പാര്‍ലമെന്റ് കമ്മിറ്റി സെക്രട്ടറി വത്സന്‍ പനോളിയും പരാതി സമര്‍പ്പിച്ചെങ്കിലും നടപടിയുണ്ടായില്ലെന്നും തെരഞ്ഞെടുപ്പ് കമ്മീഷന് നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു.