‘എത്തിയത് പത്തുപേരുടെ സംഘം, ആദ്യം ഡ്രൈവറുടെ സീറ്റില്‍ കയറി, പിന്നാലെ മര്‍ദ്ദനം’; തുറയൂരില്‍ ഇന്നലെ മര്‍ദ്ദനമേറ്റ ആരോമല്‍ ബസ് ഡ്രൈവര്‍ വടകര ഡോട്ട് ന്യൂസിനോട് പ്രതികരിക്കുന്നു


പയ്യോളി: ഓട്ടോറിക്ഷകളുടെ സമാന്തര സര്‍വ്വീസ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് ഇന്നലെ തുറയൂരില്‍ വച്ച് മര്‍ദ്ദനേറ്റ സംഭവത്തില്‍ ആരോമല്‍ ബസ് ഡ്രൈവര്‍ വടകര ഡോട്ട് ന്യൂസിനോട് പ്രതികരിക്കുന്നു. ആവിക്കല്‍ സ്വദേശി സായിവിന്റെ കാട്ടില്‍ രൂപേഷിനും ബസ് കണ്ടക്ടറായ രാജേഷിനുമാണ് ഇന്നലെ രാത്രി 8മണിയോടെ സംഘടിച്ചെത്തിയ ഒരു കൂട്ടം ആളുകളുടെ മര്‍ദ്ദനമേറ്റത്.

രാവിലെ 6.30ന് പയ്യോളി അങ്ങാടിയില്‍ നിന്നും മേപ്പയ്യൂരിലേക്ക് സര്‍വ്വീസ് നടത്തുന്ന ബസാണ് ആരോമല്‍. ഈ റൂട്ടില്‍ ബസിനൊപ്പം തന്നെ ആറോളം ഓട്ടോറിക്ഷകള്‍ സ്ഥിരമായി സമാന്തര സര്‍വ്വീസ് നടത്തിയത് ചോദ്യം ചെയ്തതാണ് പ്രശ്‌നങ്ങളുടെ തുടക്കം. ഇന്നലെ പതിവ് പോലെ തന്നെ പയ്യോളി അങ്ങാടിയില്‍ നിന്നും സര്‍വ്വീസ് ആരംഭിച്ച് ബസ് പാക്കനാര്‍പുരത്ത് എത്തിയത് മുതല്‍ കെഎല്‍ 25 എല്‍ 8690 എന്ന ഓട്ടോറിക്ഷയും സമാന്തര സര്‍വ്വീസ് ആരംഭിച്ചുവെന്ന് ഡ്രൈവര്‍ പറഞ്ഞു.

തുടര്‍ന്ന് കല്ലുംപുറത്ത് നിന്നും ഓട്ടോറിക്ഷ യാത്രക്കാരെ കയറ്റിയതോടെ ബസ് കുറച്ച് ദൂരം പോയി ഓട്ടോറിക്ഷയ്ക്ക് മുന്നിലായി നിര്‍ത്തി. ശേഷം കണ്ടക്ടറും ക്ലീനറും ഓട്ടോറിക്ഷാ ഡ്രൈവറുമായി വിഷയം സംസാരിച്ചു. എന്നാല്‍ ബസ് രാത്രി 7.30ഓടെ പാലച്ചുവടില്‍ എത്തിയതോടെയാണ് സംഘര്‍ഷം തുടങ്ങിയത്.

രാവിലെ ബസിനൊപ്പം സമാന്തര സര്‍വ്വീസ് നടത്തിയ ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ പതിനഞ്ചോളം പേരടങ്ങുന്ന സംഘവുമായി എത്തി അക്രമിക്കുകയായിരുന്നുവെന്ന് ഡ്രൈവര്‍ രൂപേഷ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു. സംഘത്തില്‍പ്പെട്ടയാള്‍ ആദ്യം തന്നെ ഡ്രൈവറുടെ സീറ്റില്‍ കയറി മര്‍ദ്ദിക്കുകയായിരുന്നു. ബസ് നിയന്ത്രണം വിടുമെന്ന ഘട്ടമായപ്പോള്‍ പാലച്ചുവടില്‍ നിന്നും ബസെടുത്ത് പയ്യോളി അങ്ങോടിയിലേക്ക് പോയി. എന്നാല്‍ അങ്ങാടിയില്‍ വച്ച് വീണ്ടും പത്തിരുപത് പേര്‍ ബൈക്കുമായി എത്തി ബസ് വീണ്ടും തടഞ്ഞെന്നും തന്നെയും ബസ് കണ്ടക്ടറെയും ബസില്‍ കയറി മര്‍ദ്ദിച്ചെന്നും രൂപേഷ് പറഞ്ഞു.

തുടര്‍ന്ന് സംഭവം കണ്ട് നാട്ടുകാര്‍ കൂടി ഇടപെട്ടതോടെ പയ്യോളി പോലീസ് സംഭവസ്ഥലത്തെത്തി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ രൂപേഷ് കൊയിലാണ്ടി താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്.