ഏഴ് ദിവസത്തെ ട്രിപ്പ്, സുരക്ഷിതമായ യാത്ര, കാത്തിരിക്കുന്നത് വ്യത്യസ്തമായ കാഴ്ചകള്‍; കോഴിക്കോട് നിന്ന് കുളുമണാലിക്ക് കിടിലന്‍ ടൂര്‍ പാക്കേജ് അവതരിപ്പിച്ച് റെയിൽവേ, വിശദാംശങ്ങള്‍ അറിയാം


കുളുവും മണാലിയുമെല്ലാം എല്ലാകാലത്തും സഞ്ചാരികള്‍ക്ക് ഏറെ പ്രിയപ്പെട്ട ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. കേരളത്തില്‍ നിന്നു ധാരാളം പേര്‍ ഇവിടേക്ക് ബൈക്കിലും മറ്റും പോയിവരാറുണ്ട്. ഹണിമൂണ്‍ യാത്രകള്‍ക്കായി ഇവിടം സന്ദര്‍ശിക്കുന്നവരും കുറവല്ല. അതിയായ ആഗ്രഹമുണ്ടായിട്ടും, പോകേണ്ടത് എങ്ങനെ എന്നു അറിയാത്തതു കൊണ്ടും സുരക്ഷയെക്കുറിച്ച് ഭയമുള്ളതു കൊണ്ടുമൊക്കെ ഇതുവരെ മണാലി പോകാത്തവര്‍ക്ക് അവസരമൊരുക്കുകയാണ് ഇന്ത്യന്‍ റെയില്‍വേ. ഐആർസിടിസിയുടെ ഈ കിടിലന്‍ പാക്കേജില്‍ കോഴിക്കോട്ടു നിന്നും കുളു, മണാലി വരെ സുഖമായി പോയി വരാം.

അടുത്ത വര്‍ഷം ഫെബ്രുവരി നാലിനാണ് ആദ്യയാത്ര. അന്നേ ദിവസം കോഴിക്കോട് നിന്നും പുറപ്പെട്ട്, 11- ന് തിരിച്ചെത്തും.

ദിവസം 1, കോഴിക്കോട്-ചണ്ഡീഗഡ്

കോഴിക്കോട്ടുനിന്ന് രാവിലെ 07.10-ന് പുറപ്പെട്ട് വൈകീട്ട് 5.50-ന് ചണ്ഡീഗഢിൽ എത്തിച്ചേരും. എയർപോർട്ടിൽ നിന്ന് ഷിംലയിലേക്ക് പിക്കപ്പ് ഉണ്ടാകും. ഷിംലയിലെ ഹോട്ടലിൽ ചെക്ക് ഇൻ ചെയ്യുന്നു. അത്താഴവും രാത്രി താമസവും ഷിംലയിലെ ഹോട്ടലില്‍.

ദിവസം 2, ഷിംല

വിക്ടോറിയൻ വാസ്തുവിദ്യയുടെ മനോഹരദൃശ്യങ്ങള്‍ നിറഞ്ഞ നാടാണ് ഷിംല. ഹണിമൂണ്‍ ആഘോഷിക്കുന്നവര്‍ക്ക് ഏറെ അനുയോജ്യമാണ് ഇവിടം. മഞ്ഞുമൂടിയ കൊടുമുടികളും കൊളോണിയൽ കാലത്തെ സ്മാരകങ്ങളുമെല്ലാം നിറഞ്ഞ ഷിംല ഇന്ത്യയില്‍ തീര്‍ച്ചയായും സന്ദര്‍ശിക്കേണ്ട ഇടങ്ങളില്‍ ഒന്നാണ്.

ഷിംലയില്‍ നിന്നും പ്രഭാതഭക്ഷണത്തിന് ശേഷം സഞ്ചാരികളെ കുഫ്രിയിലേക്ക് കൊണ്ടുപോകും. വൈകുന്നേരം മാൾ റോഡും പരിസരത്തെ കാഴ്ചകളും കാണാം. തുടര്‍ന്ന്‍ ഷിംലയിൽ അത്താഴവും രാത്രി താമസവും.

ദിവസം 4, ഷിംല – മണാലി

പിർ പഞ്ചൽ, ധൗലാധർ പർവതനിരകളുടെ മഞ്ഞുമൂടിയ ചരിവുകൾക്കിടയില്‍ സ്ഥിതിചെയ്യുന്ന മണാലിയില്‍, പൈൻ, ദേവദാരു വനങ്ങളും വിശാലമായ ആപ്പിള്‍ തോട്ടങ്ങളുമെല്ലാം സന്ദര്‍ശിക്കാം.

നാലാംദിവസം പ്രഭാതഭക്ഷണത്തിന് ശേഷം, ഷിംലയിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത ശേഷം മണാലിയിലേക്ക് പുറപ്പെടുന്നു. മണാലിയിലെ ഹോട്ടലില്‍ രാത്രി താമസവും അത്താഴവും.

ദിവസം 5, മണാലി

പ്രഭാതഭക്ഷണത്തിന് ശേഷം മണാലിയിലെ ഹിഡിംബ ക്ഷേത്രം, മനു ക്ഷേത്രം, വസിഷ്ഠ ക്ഷേത്രം ബാത്ത്, വാൻ വിഹാർ, ടിബറ്റൻ മൊണാസ്ട്രി, ക്ലബ് ഹൗസ് തുടങ്ങിയ സ്ഥലങ്ങളില്‍ സന്ദര്‍ശനം. തുടര്‍ന്ന്, മണാലിയിലെ ഹോട്ടലില്‍ രാത്രി താമസവും അത്താഴവും.

ദിവസം 6, അടൽ ടണൽ- റോഹ്താങ് പാസ്/സോലാങ് താഴ്‌വര

അതിരാവിലെ തന്നെ റോഹ്താങ് പാസ്, അടൽ ടണല്‍ മുതലായവയാണ് ആറാം ദിവസത്തെ കാഴ്ചകളില്‍പ്പെടുന്നത്. 9.02 കിലോമീറ്റർ നീളത്തിൽ, 10,000 അടിക്ക് മുകളിലുള്ള ലോകത്തിലെ ഏറ്റവും നീളമേറിയ തുരങ്കമാണിത്. മടങ്ങുമ്പോൾ സോലാങ് താഴ്‌വര സന്ദര്‍ശിക്കുന്നു. തുടര്‍ന്ന്, മണാലിയിൽ രാത്രി താമസം.

ദിവസം 7, മണാലി-ചണ്ഡീഗഡ്

പ്രഭാതഭക്ഷണത്തിന് ശേഷം ചണ്ഡീഗഢിലേക്ക് പുറപ്പെടും. ഇന്ത്യയിലെ ഏറ്റവും മികച്ച ആസൂത്രിത നഗരമാണ് ചണ്ഡീഗഡ്. ഇന്ത്യയുടെ മനോഹരനഗരം എന്നാണ് ചണ്ഡീഗഢിനെ വിളിക്കുന്നത്. ആകര്‍ഷണീയമായ വാസ്തുവിദ്യയ്ക്കും കാപ്പിറ്റോൾ കോംപ്ലക്‌സ്, ഹൈക്കോടതി, സെക്രട്ടേറിയറ്റ്, നിയമസഭ, ഭീമാകാരമായ ഓപ്പൺ ഹാൻഡ് സ്മാരകം തുടങ്ങിയ കെട്ടിടങ്ങൾക്കു പുറമെ, വൃത്തിയുള്ള റോഡുകൾക്കും പച്ചപ്പിനും ഇവിടം പ്രശസ്തമാണ്.

ഏഴാം ദിവസം മണാലിയില്‍ നിന്നും ചണ്ഡീഗഢിലെത്തി രാത്രി അവിടെ ഹോട്ടലില്‍ തങ്ങും.

ദിവസം 8, ചണ്ഡീഗഡ്

എട്ടാം ദിനം രാവിലെ പ്രഭാതഭക്ഷണത്തിന് ശേഷം, ചണ്ഡീഗഢിലെ നഗരക്കാഴ്ചകളിലേക്ക് ഇറങ്ങും. റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, വൈകുന്നേരം സുഖ്ന തടാകം തുടങ്ങിയവ സന്ദര്‍ശിക്കുന്നു

ദിവസം 9, ചണ്ഡീഗഡ്-കോഴിക്കോട്

അവസാനദിനം, പ്രഭാതഭക്ഷണത്തിന് ശേഷം, ചണ്ഡീഗഢിലെ ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്ത് യാത്രക്കാരെ എയർപോർട്ടിൽ ഡ്രോപ്പ് ചെയ്യും.

.യാത്രയ്ക്ക് എത്ര ചെലവാകും

ഓരോ മുറിയിലും എത്ര ആളുകള്‍ എന്നത് കണക്കാക്കി വ്യത്യസ്തമായ നിരക്കുകളാണ് പാക്കേജിന് നിശ്ചയിച്ചിരിക്കുന്നത്. ഓരോ വിഭാഗത്തിനും നിശ്ചയിച്ചിരിക്കുന്ന നിരക്കുകള്‍ ചുവടെ.

സിംഗിൾ ഒക്യുപെൻസി: 57150,ഡബിള്‍ ഒക്യുപെൻസി: 44700, ട്രിപ്പിള്‍ ഒക്യുപെൻസി: 43350, 5-11 വയസ്സ് ഉള്ള കുട്ടികള്‍:- ബെഡ് സഹിതം: 38950

ബെഡ് ഇല്ലാതെ: 37800,2-4 വയസ്സുള്ള കുഞ്ഞുങ്ങള്‍: 30200

Summary: Tour package to kulu manali by irctc