ഹരിത കേരളം മിഷന്റെ ഹരിതസ്ഥാപനം പദ്ധതി; വടകരയിലെ 38 സ്ഥാപനങ്ങൾക്ക് ഹരിതസ്ഥാപനം പദവി


വടകര: വടകരയിലെ 38 സ്ഥാപനങ്ങൾക്ക് ഹരിതസ്ഥാപനം പദവി ലഭിച്ചു. നഗരസഭ സാംസ്കാരിക നിലയത്തിൽ വച്ചു നടന്ന ഹരിത സ്ഥാപനം സർട്ടിഫിക്കറ്റ് വിതരണം ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ കെ.പി ബിന്ദു നിർവഹിച്ചു. ഹരിത കേരളം മിഷൻ ടെക്നിക്കൽ അസിസ്റ്റന്റ് വിവേക് വിനോദ് പദ്ധതി വിശദീകരണം നടത്തി.

ഹരിത കേരളം മിഷന്റെ ഹരിത സ്ഥാപനം പദ്ധതിയുടെ ഭാഗമായി നടത്തിയ പരിശോധനയിലാണ് പദവി ലഭിച്ചത്‌. മാലിന്യ സംസ്കരണം, കൃഷി, ജലസംരക്ഷണം, ഊർജ്ജസംരക്ഷണം എന്നിവയായിരുന്നു മാനദണ്ഡങ്ങള്‍.

നഗരസഭയിലെ 50 സ്ഥാപനങ്ങളെ ആയിരുന്നു പ്രാഥമികമായി പരിശോധനയ്ക്കായി തെരെഞ്ഞെടുത്തത്. ഇതിൽ പത്ത്‌ സ്ഥാപനങ്ങൾ എ പ്ലസ് ഗ്രേഡിനും 28 സ്ഥാപനങ്ങൾ എ ഗ്രേഡിനും അർഹത നേടി. നഗരസഭയിലെ മുഴുവൻ സ്ഥാപനങ്ങളെയും ഹരിതസ്ഥാപനം പദവിയിൽ എത്തിക്കാനുള്ള പ്രവർത്തനം നടപ്പിലാക്കുമെന്ന് നഗരസഭ ചെയർപേഴ്സൺ പറഞ്ഞു.

ക്ഷേമ കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എൻ.കെ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ആരോഗ്യ കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ എ.പി പ്രജിത അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺന്മാർ ആശംസകൾ അറിയിച്ചു.

നഗരസഭ കൗൺസിലർമാർ, സി ഡി എസ് ചെയർപേഴ്സൻ, ഉദ്യോഗസ്ഥന്മാർ, ഹരിത സ്ഥാപനം പദവി നേടിയ വിവിധ സ്ഥാപങ്ങളിലെ പ്രതിനിധികൾ, അംഗൻവാടി ടീച്ചർമാർ, ഹരിത കേരളം മിഷൻ റിസോഴ്സ്പേഴ്സൺ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.