രോഗികളുടെ ബുദ്ധിമുട്ടിന് ആശ്വാസം; കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ 2 ഡോക്ടർമാരെ നിയമിച്ചതായി കെ.പി കുഞ്ഞമത്കുട്ടി മാസ്റ്റർ എംഎൽഎ


കുറ്റ്യാടി: കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ഡോക്ടർമാരുടെ കുറവ് കാരണം ജനങ്ങൾ നേരിടുന്ന ബുദ്ധിമുട്ടിന് ഒടുവില്‍ പരിഹാരമാകുന്നു. ആശുപത്രിയിൽ 2 ഡോക്ടർമാരെ നിയമിച്ച് ഉത്തരവായതായി കെ.പി കുഞ്ഞമത്കുട്ടി മാസ്റ്റർ എംഎൽഎ അറിയിച്ചു.

കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ തസ്തികയിലും,അസിസ്റ്റൻറ് സർജൻ തസ്തികയിലുമാണ് ഡോക്ടർമാരെ നിയമിച്ച് ഉത്തരവായത്. ‘ഡോക്ടർമാരുടെ കുറവ് കാരണം കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ ജനങ്ങൾ നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജിനെ ബോധ്യപ്പെടുത്തിയിരുന്നു. കൂടാതെ തിരുവനന്തപുരത്ത് വച്ച് ഡയറക്ടർ ഓഫ് ഹെൽത്ത് സർവീസസ് ഡോ.റീനയെയും നേരിൽ കണ്ട് പ്രശ്നത്തിന് അടിയന്തിര പരിഹാരം കാണണം എന്നറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് അതിവേഗം നിയമനത്തിന് ഉത്തരവായതെന്ന് എംഎൽഎ അറിയിച്ചു.

ഡോക്ടർമാരുടെ വർക്കിംഗ് അറേഞ്ച്മെൻറ്, പിജി പഠനം എന്നിവ കാരണമാണ് കുറ്റ്യാടി താലൂക്ക് ആശുപത്രിയിൽ പ്രധാനമായും ഒഴിവ് വന്നത്.