എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ്: ഐ.ജി പി.വിജയനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തു


കോഴിക്കോട്: എലത്തൂര്‍ തീ വെപ്പ് കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ചോര്‍ത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് ഐ.ജി. പി.വിജയനെ സസ്‌പെന്റ് ചെയ്തു. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ ചോര്‍ന്നത് വിജയന്‍ വഴിയാണ് എന്നാണ് റിപ്പോര്‍ട്ട്.

കേസിലെ പ്രതി ഷാരൂഖ് സെയ്ഫിയെ മുംബൈയില്‍ നിന്ന് കൊണ്ടുവന്ന ഉദ്യോഗസ്ഥരുമായി വിജയന്‍ ബന്ധപ്പെട്ടിരുന്നു. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിജയന്‍ പുറത്തറിയിച്ചു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

എ.ഡി.ജി.പി എം.ആര്‍.അജിത് കുമാര്‍ ആണ് റിപ്പോര്‍ട്ട് നല്‍കിയത്. കേസില്‍ തുടരന്വേഷണം എ.ഡി.ജി.പി പത്മകുമാര്‍ നടത്തും. നേരത്തേ കേരളാ പൊലീസിന്റെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡിന്റെ ചുമതലയില്‍ നിന്നും വിജയനെ നീക്കിയിരുന്നു. എലത്തൂര്‍ ട്രെയിന്‍ തീ വെപ്പ് കേസ് ആദ്യം അന്വേഷിച്ചത് കേരളത്തിലെ ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് ആയിരുന്നു. കേസ് എന്‍.ഐ.എ ഏറ്റെടുത്തതിന് പിന്നാലെയാണ് വിജയനെ ചുമതലയില്‍ നിന്ന് മാറ്റിയത്.

പ്രതി ഷാരൂഖ് സെയ്ഫി മഹാരാഷ്ട്രയിലെ രത്‌നഗിരിയില്‍ നിന്നാണ് പിടിയിലായത്. ഇയാളെ രഹസ്യമായാണ് കേരളത്തിലേക്ക് കൊണ്ടുവരാന്‍ ശ്രമിച്ചതെങ്കിലും യാത്രാവിവരം ചോര്‍ന്നിരുന്നു. അന്വേഷണത്തിന്റെ ഭാഗമല്ലാതിരുന്ന ഐ.ജി പി.വിജയനും ജി.എസ്.ഐ കെ.മനോജ് കുമാറും പ്രതിയെ കൊണ്ടുവന്ന സംഘവുമായി ബന്ധപ്പെട്ടതാണ് യാത്രാവിവരം ചോരാന്‍ കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭീകരവാദ വിരുദ്ധ സ്‌ക്വാഡ് അത്യധികം സൂക്ഷ്മതയോടെ പ്രവര്‍ത്തിക്കേണ്ട വിഭാഗമാണെന്നും സുരക്ഷയില്‍ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യമാണെന്നും റിപ്പോര്‍ട്ടിലുണ്ട്.