കായിക പരിശീലനത്തിനായി പോവുന്നതിനിടെ മടപ്പള്ളിയില്‍ വെച്ച് അപകടം, ഒഞ്ചിയം സ്വദേശി സുബിന്‍ ബാബുവിന്റെ അപ്രതീക്ഷിത വിയോഗം താങ്ങാനാവാതെ നാട്; സംസ്‌കാരം രാത്രി 11 മണിയോടെ


വടകര: മടപ്പള്ളി മാച്ചിനാരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരിച്ച ഒഞ്ചിയം സ്വദേശി സുബിന്‍ ബാബു (30) വിന്റെ അപ്രതീക്ഷിത വിയോഗം ഉള്‍ക്കൊള്ളാനാവാതെ നാട്. കായിക പരിശീലനത്തിനായി പോവുന്നതിനിടെയാണ് സുബിന്‍ അപകത്തില്‍ പെട്ടത്. വര്‍ഷങ്ങള്‍ നീണ്ട് തീവ്രപരിശ്രമത്തിലൂടെ പി.എസ്.സിയുടെ പോലീസ് ലിസ്റ്റില്‍ ഉള്‍പ്പെട്ട സുബിന്‍ കായിക പരിശീലനത്തിനായി പോവുന്നതിനിടെയാണ് ഇന്ന് രാവിലെ ആറുമണിയോടെ അപകടത്തില്‍പ്പെട്ടതെന്ന് നാട്ടുകാര്‍ പറയുന്നു.

സ്ഥിരമായി കായിക പരിശീലനത്തിനായി മടപ്പള്ളി കോളേജ് ഗ്രൗണ്ടില്‍ പോവുന്ന സുബിന്‍ പതിവുപോലെ ഇന്നും രാവിലെ വീട്ടില്‍ നിന്നും ബൈക്കില്‍ പോവുകയായിരുന്നു. അപ്പോഴാണ് ദേശീയപാതയില്‍ മടപ്പളളിക്കും കേളുബസാറിനുമിടയില്‍ മാച്ചിനാരിയില്‍ ബൈക്കും ലോറിയും കൂട്ടിയിടിച്ച് മരണം സംഭവിച്ചത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറി വന്ന് യുവാവ് സഞ്ചരിച്ച ബൈക്കിലിടിക്കുകയായിരുന്നു. അപകടസ്ഥലത്തുവെച്ച് തന്നെ തല്‍ക്ഷണം മരണം സംഭവിക്കുകയായിരുന്നു.

ഒഞ്ചിയം നെല്ലാച്ചേരി ചാക്ക്യേരി താഴക്കുനി ബാബുവിന്റെയും ലളിതയുടെയും മകനാണ് മരിച്ച സുബിന്‍. സഹോദരി: സുമി. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം വ്യാഴാഴ്ച രാത്രി 11 മണിയ്ക്ക് വീട്ടുവളപ്പില്‍ സംസ്‌കരിക്കും.