മലപ്പുറം കൊണ്ടോട്ടിയില്‍ യുവതിയും മകനും 30 അടി ആഴമുള്ള കിണറ്റില്‍ വീണു; രക്ഷകരായി മലപ്പുറം ഫയര്‍ ഫോഴ്‌സ്


മലപ്പുറം: കൊണ്ടോട്ടിയില്‍ കിണറ്റില്‍ വീണ യുവതിയ്ക്കും മകനും രക്ഷകരായത് മലപ്പുറം ഫയര്‍ഫോഴ്‌സ്. പുളിക്കല്‍ പഞ്ചായത്തിലെ തുറക്കല്‍ ചെമ്മലപ്പറമ്പില്‍ ഹസീനയും (31) മകന്‍ മുഹമ്മദ് റസാനുമാണ് (എട്ട്) വീട്ടുവളപ്പിലെ 30 അടി ആഴമുള്ള കിണറ്റില്‍ വീണത്. കിണറില്‍ അഞ്ച് അടിയോളം വെള്ളമുണ്ടായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

വീട്ടുകാര്‍ ബഹളംവെച്ചതോടെ നാട്ടുകാര്‍ ഓടിക്കൂടി രക്ഷാപ്രവര്‍ത്തനം ആരംഭിച്ചെങ്കിലും പുറത്തെടുക്കാനായില്ല. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മലപ്പുറത്തുനിന്ന് സേനാംഗങ്ങളെത്തി സാരമായ പരിക്കുകളില്ലാതെ ഇരുവരെയും പുറത്തെത്തിച്ചു.

അസി. സ്റ്റേഷന്‍ ഓഫിസര്‍ യു. ഇസ്മയില്‍ ഖാന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഓഫിസര്‍ ബി. വിജയകുമാര്‍, ഫയര്‍ ഓഫിസര്‍മാരായ ഇ. രതീഷ്, എന്‍.പി. സജിത്ത്, മുഹമ്മദ് ഫാരിസ്, വി. വിബിന്‍, വി. അബ്ദുല്‍ മുനീര്‍, വി.പി. നിഷാദ്, ഹോം ഗാര്‍ഡ്മാരായ സി.വി. അശോക് കുമാര്‍, കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.