ഇരുചക്ര വാഹനമോടിക്കുന്നതിന് പുതിയ നിയമവുമായി കേന്ദ്രസര്‍ക്കാര്‍; വിശദാംശങ്ങള്‍ ഇങ്ങനെ


ന്യൂഡല്‍ഹി: ഇരുചക്രവാഹനങ്ങള്‍ ഓടിക്കുന്നതിന് പുതിയ നിയമങ്ങള്‍ അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇത് പ്രകാരം കുട്ടികളുമായി ഇരുചക്രവാഹനങ്ങളില്‍ യാത്ര നടത്തുന്നവര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ രാജ്യത്തുണ്ടാകും. വാഹനാപകടങ്ങളില്‍ കുട്ടികള്‍ക്ക് പരിക്കേല്‍ക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് കുട്ടികളുടെ സുരക്ഷയ്ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചത്.

ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്‍ഷം അവസാനം ചട്ടത്തില്‍ മാറ്റങ്ങള്‍ നിര്‍ദേശിച്ച് ഒരു കരട് വിജ്ഞാപനം കേന്ദ്ര ഗതാഗത മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. ഇപ്പോഴിതാ നാല് വയസിന് താഴെയുള്ള കുട്ടികളെ ഇരുചക്രവാഹനങ്ങളില്‍ കയറ്റുന്നതിനുള്ള പുതിയ സുരക്ഷാ നിയമങ്ങള്‍ റോഡ് ഗതാഗത, ഹൈവേ മന്ത്രാലയം വിജ്ഞാപനം ചെയ്തതായി റിപ്പോര്‍ട്ട്.

നാലു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റും ഡ്രൈവറുമായി ബന്ധിപ്പിക്കുന്ന ബെല്‍റ്റും ഇനിമുതല്‍ നിര്‍ബന്ധമാകും. കേന്ദ്ര ഗതാഗത മന്ത്രാലയം ആണ് ഇതുസംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കിയത്. കുട്ടികളുമായി യഥാര്ത ചെയ്യുമ്പോള്‍ പരമാവധി വേഗം 40 കിലോമീറ്റര്‍ സ്പീഡ് മാത്രമേ ഉണ്ടാകാന്‍ പാടുള്ളു എന്നാണ് വിജ്ഞാപനം നിര്‍ദേശിക്കുന്നത്. 1989ലെ കേന്ദ്ര മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്താണ് പുതിയ നിബന്ധന ഉള്‍പ്പെടുത്തിയിരിക്കുന്നത്. റൈഡര്‍മാര്‍ക്ക് ഹെല്‍മെറ്റും ഹാര്‍നെസ് ബെല്‍റ്റും ഉപയോഗിക്കുന്നത് നിര്‍ബന്ധമാക്കുന്നതാണ് പുതിയ ട്രാഫിക് നിയമങ്ങള്‍. നിബന്ധനകള്‍ ലംഘിച്ചാല്‍ 1000 രൂപ പിഴയും മൂന്ന് മാസത്തേക്ക് ഡ്രൈവിംഗ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുന്നതായിരിക്കും.

ഇരുചക്ര വാഹനത്തില്‍ സഞ്ചരിക്കുന്ന കുട്ടികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നിയമം. നാലു വയസ് വരെയുള്ള കുട്ടികള്‍ക്ക് ഈ നിയമം ബാധകമാണ്. പുതിയ നിയമങ്ങള്‍ അനുസരിച്ച്, ഉപയോഗിക്കുന്ന സുരക്ഷാ ഹാര്‍നെസ് ഭാരം കുറഞ്ഞതും വെള്ളം കയറാത്തതും തലയണയുള്ളതും 30 കിലോഗ്രാം ഭാരം വഹിക്കാനുള്ള ശേഷിയുള്ളതും ആയിരിക്കണം. സവാരിയുടെ മുഴുവന്‍ സമയത്തും കുട്ടിയെ സുരക്ഷിതമാക്കാന്‍ റൈഡര്‍ കുട്ടിയെ സുരക്ഷാ ഹാര്‍നെസ് ഉപയോഗിച്ച് ബന്ധിച്ചിരിക്കണം. അതായത് കുട്ടിയെ ഓവര്‍കോട്ടുപോലുള്ള രക്ഷാകവചം ധരിപ്പിച്ച ശേഷം അതിന്റെ ബെല്‍റ്റ് ഡ്രൈവറുടെ ദേഹവുമായി ബന്ധിപ്പിക്കണം.