ഒഞ്ചിയത്ത് യുവാക്കളുടെ അപ്രതീക്ഷിത മരണം; ലഹരി മരുന്ന് ശൃഖലയ്ക്കെതിരെ ശക്തമായ നടപടി വേണമെന്നാവശ്യം


ഒഞ്ചിയം: രണ്ട് യുവാക്കളുടെ അപ്രതീക്ഷിത മരണത്തിന്റെ ഞെട്ടലിലാണ് ഏറാമല പഞ്ചാത്തിലുള്ളവരും സമീപ പ്രദേശങ്ങളിലുള്ളവരും. 21-ഉം 30 പ്രായമുള്ള യുവാക്കളെയാണ് ഇന്ന് രാവിലെ നെല്ലാച്ചേരി പള്ളിയുടെ പിറകിലെ ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തുന്നത്. അമിത ലഹരി ഉപയോ​ഗമാണ് ഇരുവരുടെയും മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.

ഏറാമല പഞ്ചായത്തിലെ വിവിധ പ്രദേശങ്ങൾ ലഹരി മാഫിയയുടെ കേന്ദ്രങ്ങളായി മാറുന്നതായി ആരോപണമുണ്ട്. ആളൊഴിഞ്ഞ പ്രദേശങ്ങൾ കണ്ടെത്തിയാണ് സംഘം പ്രവർത്തിക്കുന്നതെന്നാണ് നാട്ടുകാർ പറയുന്നത്. ഇത് ശ്രദ്ധയിൽപെടുമ്പോൾ പോലീസിൽ വിവരമറിയിക്കാറുണ്ടെങ്കിലും പോലീസ് എത്തുമ്പോഴേക്ക് ഇവർ മറ്റൊരിടത്തേക്ക് മാറുകയാണ് ചെയ്യുന്നതെന്നും നാട്ടുകാർ പറയുന്നു.

ലഹരി ഉപയോ​ഗത്തിന്റെയും വിൽപ്പനയുടെയും കേന്ദ്രമായി ആളൊഴിഞ്ഞ പ്രദേശങ്ങൾ മാറുകയാണ്. 25 വയസിന് ചുവടെയുള്ളവരാണ് കൂടുതലായും ലഹരി സംഘത്തിലുൾപ്പെടുന്നത്. ആദ്യം ഉപയോക്താക്കളായും പിന്നീട് വിൽപ്പനക്കാരായും മാറുന്ന കാഴ്ചയാണുള്ളത്. വടകരയിൽ നിന്നുൾപ്പെടെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ളവർ ലഹരിക്കായി ഇവിടെയെത്താറുണ്ടെന്ന് പറയുന്നു. ലഹരിയെ നാട്ടിൽ നിന്ന് തുടച്ചു നീക്കാൻ ശക്തമായ നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാകരുടെ ആവശ്യം.

നാളെ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സർവ്വകക്ഷി യോ​ഗം ചേരാൻ തീരുമാനിച്ചിട്ടുണ്ട്. ലോക്സഭാ തിരഞ്ഞെടുപ്പിന് ശേഷം വിപുലമായ കൺവെൻഷനുകൾ നടത്തി ജനകീയ കൂട്ടായ്മ രൂപീകരിക്കുമെന്ന് പഞ്ചായത്തം​ഗം രതീഷ് ജി വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

ഓര്‍ക്കേട്ടരി കാളിയത്ത് ശങ്കരന്റെ മകന്‍ രന്‍ദീപ്(30), കുന്നുമ്മക്കര തോട്ടോളി ബാബുവിന്റെ മകന്‍ അക്ഷയ്(21) എന്നിവരെയാണ് ആളൊഴിഞ്ഞ പറമ്പിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്‍ദീപിനെതിരെ നേരത്തെ ലഹരിമരുന്നുമായി ബന്ധപ്പെട്ട കേസുണ്ട്. ഇയാള്‍ കാരിയറാൗണെന്നാണ് സൂചന. രണ്ടു പേര്‍ക്കുമെതിരെ അടിപിടിക്കേസുമുണ്ട്.