മലപ്പുറത്ത് ഓടുന്ന ബസില്‍ പീഡനശ്രമം, എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ച് യുവതി; കണ്ണൂര്‍ സ്വദേശിയായ യുവാവ് കസ്റ്റഡിയില്‍


മലപ്പുറം: മലപ്പുറത്ത് കെ.എസ്.ആര്‍.ടി.സി ബസില്‍ യുവതിക്ക് നേരെ പീഡനശ്രമം. തിങ്കളാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം. കാഞ്ഞങ്ങാട് പത്തനംതിട്ട ബസ് മലപ്പുറം വളാഞ്ചേരിയെത്തിയപ്പോഴായിരുന്നു സംഭവം.

യുവതിയുടെ പരാതിയില്‍ കണ്ണൂര്‍ വെങ്ങാട് സ്വദേശി നിസാമുദ്ദീനെ പൊലീസ് അറസ്റ്റു ചെയ്തു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് സംഭവം.

കണ്ണൂരില്‍ നിന്നും എറണാകുളത്തേക്ക് പോകാനായി ബസില്‍ കയറിയതായിരുന്നു യുവതി. ഇതേ സ്ഥലത്തുനിന്നുതന്നെയാണ് യുവാവും ബസില്‍ കയറിയത്. ബസ് കോഴിക്കോട് എത്തിയപ്പോള്‍ ഇയാള്‍ യുവതിയുടെ സീറ്റില്‍ വന്നിരുന്ന് മോശമായി പെരുമാറുകയായിരുന്നു. തുടര്‍ന്ന് ഇയാളോട് സീറ്റ് മാറിയിരിക്കാന്‍ യുവതി ആവശ്യപ്പെട്ടു. ഇതനുസരിച്ച് ഇയാള്‍ മാപ്പ് പറഞ്ഞ് സീറ്റ് മാറിയിരുന്നു.

എന്നാല്‍ മലപ്പുറം വളാഞ്ചേരിയില്‍ എത്തിയപ്പോള്‍ ഇയാള്‍ വീണ്ടും യുവതിയുടെ തൊട്ടടുത്തുള്ള സീറ്റില്‍ വന്നിരുന്ന് ശല്യം ചെയ്‌തെന്നാണ് പരാതി. തുടര്‍ന്ന് യുവതി എമര്‍ജന്‍സി നമ്പറില്‍ വിളിച്ച് പരാതിപ്പെട്ടു. തുടര്‍ന്ന് വളാഞ്ചേരിയില്‍ വെച്ചാണ് പൊലീസെത്തി ഇയാളെ അറസ്റ്റ് ചെയ്തത്.