കല്ലാച്ചി ടൗണ്‍ പരിസരത്ത് റോഡിലെ തേക്ക് മരം വെട്ടി മുറിച്ച സംഭവം; പൊതുമുതല്‍ നശിപ്പിച്ചതിനു പോലീസ് കേസെടുത്തു


നാദാപുരം: സംസ്ഥാന പാതയില്‍ കല്ലാച്ചി ടൗണ്‍ പരിസരത്ത് റോഡിലെ തേക്ക് മരം വെട്ടി മുറിച്ച സംഭവത്തില്‍ കെട്ടിട ഉടമക്കെതിരേ പൊതുമുതല്‍ നശിപ്പിച്ചതിന് പോലീസ് കേസെടുത്തു. കല്ലാച്ചിയിലെ സ്വകാര്യ കോംപ്ലക്‌സ് ഉടമ കസ്തൂരിക്കുളത്തെ പി.ടി.കെ. മൊയ്തുവിനെതിരേയാണ് കേസെടുത്തത്.

പൊതു മുതല്‍ വെട്ടിനശിപ്പിച്ചതിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്താണ് നാദാപുരം പോലീസ് കേസെടുത്തത്. മെയ്യ് 16ന് പുലര്‍ച്ചയാണ് റോഡിലെ മരം രണ്ട് തൊഴിലാളികള്‍ വെട്ടി മുറിച്ചത്. മുറിച്ചിട്ട മരങ്ങള്‍ പിന്നീട് റോഡില്‍ നിന്ന് കടത്തി കൊണ്ട് പോവുകയും ചെയ്തു. സംഭവം വിവാദമായതോടെ മരത്തടികള്‍ റോഡില്‍ കൊണ്ടിടുകയായിരുന്നു.

ഇതിനിടെ മരം വെട്ടിമാറ്റിയ സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ കല്ലാച്ചി മേഖല കമ്മിറ്റി പരാതിയുമായി രംഗത്തെത്തിയതോടെ പൊതുമരാമത്ത് അധികൃതര്‍ ഞായറാഴ്ച്ച പോലീസില്‍ പരാതി നല്‍കുകയും വെട്ടി മാറ്റിയ മരത്തടികള്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.