ഭരണത്തിലെ വികസന തുടര്‍ച്ച മുന്നോട്ട് വെച്ച് എല്‍.ഡി.എഫും നഷ്ടപ്പെട്ട സീറ്റ് തിരിച്ചുപിടിക്കാനായ് മുന്നിട്ടിറങ്ങി യു.ഡി.എഫും; ഉപതെരഞ്ഞെടുപ്പ്, വില്ല്യാപ്പള്ളി ചല്ലിവയലില്‍ ശക്തമായ പ്രചരണവുമായി ഇരുമുന്നണികളും


വില്യാപ്പള്ളി: ഉപതിരഞ്ഞെടുപ്പിനൊരുങ്ങുന്ന വില്യാപ്പള്ളി പതിനാറാം വാര്‍ഡായ ചല്ലിവയലില്‍ ശക്തമായ പ്രചരണ പോരാട്ടവുമായി മുന്നണികള്‍ രംഗത്ത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി ബി.എസ് ജ്യോതി പുത്തൂരും യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയായി പ്രകാശന്‍ മാസ്റ്ററുമാണ് മത്സരിക്കുന്നത്. ബി.ജെ.പിയിൽ സോമനാണ്  സ്ഥാനാര്‍ത്ഥി.

വാര്‍ഡ് മെമ്പറായിരുന്ന എല്‍.ഡി.എഫിലെ പി.പി ചന്ദ്രന്‍ മാസ്റ്റര്‍ അപകടത്തില്‍പ്പെട്ട് ചികിത്സയിലായതിനെത്തുടര്‍ന്നാണ് വാര്‍ഡില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ചന്ദ്രന്‍ മാസ്റ്റര്‍ മുന്നോട്ട് വെച്ച വാര്‍ഡിലെ വികസന പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയാണ് പ്രധാനമായും എല്‍.ഡി.എഫ് പ്രചരണത്തിൽ മുന്നോട്ടു വെയ്ക്കുന്നത്.

പുതിയതായി നിര്‍മ്മിക്കുന്ന റോഡുകളുടെ പ്രവൃത്തിയും മറ്റ് കുറേയേറെ റോഡുകളുടെ വികസന പ്രവര്‍ത്തനങ്ങളും എല്‍.ഡി.എഫ് വാര്‍ഡില്‍ നടപ്പിലാക്കി വരുന്നുണ്ട് അവയുടെ തുടര്‍ച്ച. പഠന രംഗത്തെ പുരോഗതി, ലോകനാര്‍ക്കാവ് പ്രൈമറി ഹെല്‍ത്ത് സെന്റ്രര്‍, വയോജന കേന്ദ്രം എന്നിവയുടെയെല്ലാം നിര്‍മ്മാണ തുടര്‍ച്ച സ്ത്രീകള്‍ക്കായ് കംമ്പ്യൂട്ടര്‍ സാക്ഷരത ഒരുക്കല്‍ എന്നിവയെല്ലാമാണ് വാര്ർഡിൽ എല്‍.ഡി.എഫ് തെരഞ്ഞെടുപ്പ് പ്രചരങ്ങത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

വാര്‍ഡില്‍ തുടര്‍ച്ചയായി പത്ത് വര്‍ഷത്തോളം ഭരിക്കുകയും 2020 തെരഞ്ഞെടുപ്പില്‍ നഷ്ടപ്പെട്ട് പോയതുമായ സീറ്റ് തിരിച്ചുപിടിക്കാനുള്ള ശക്തമായ നീക്കത്തിലാണ് യു.ഡി.എഫ്. വിദ്യാഭ്യാസ പുരോഗതി, കിടപ്പുരോഗികള്‍ക്ക് സാന്ത്വനമേകുന്ന പദ്ധതികള്‍, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കുള്ള പ്രോത്സാഹനം തുടങ്ങി നിരവധി പദ്ധതികള്‍ യു.ഡി.എഫും പ്രചരണത്തില്‍ പ്രധാനമായും മുന്നോട്ട് വെയ്ക്കുന്നുണ്ട്. അതോടൊപ്പം അധികാരത്തില്‍ എത്തിയാല്‍ വാര്‍ഡില്‍ തുടര്‍ന്ന് നടപ്പിലാക്കേണ്ടുന്ന പ്രവര്‍ത്തനങ്ങള്‍ മനസിലാക്കാനായി വികസന സെമിനാര്‍ നടത്തി പുതിയ പദ്ധതികള്‍ നടപ്പിലാക്കാന്‍ ആലോചിക്കുന്നതായും  പറഞ്ഞു.

ഇരുപാര്‍ട്ടികളും വാശിയേറിയ പോരാട്ടമാണ് വാര്‍ഡില്‍ നടത്തിക്കൊണ്ടിരിക്കുന്നത്. ഡിസംബര്‍ 12നാണ് തെരഞ്ഞെടുപ്പ്‌നടക്കുന്നത്. 10 വരെയാണ് പ്രചരണം നടക്കുന്നത്. നാട്് ഉറ്റുനോക്കുന്ന ശക്തമായ ഒരു തെരഞ്ഞെടുപ്പാവും വാര്‍ഡില്‍ നടക്കാന്‍ പോവുന്നതെന്നാണ് രാഷ്ട്രീയ നിരിക്ഷകരുടെ അഭിപ്രായം.