സ്ഥിരം അപകടമേഖലയായി മുക്കാളി; ദേശിയ പാതയില്‍ ഇന്ന് പുലര്‍ച്ചെ വൈദികന്‍ മരണപ്പെടുകയും മൂന്ന് പേര്‍ക്ക് പിരിക്കേല്‍ക്കുകയും ചെയ്ത സംഭവത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്


വടകര: മുക്കാളി ദേശീയ പാതയില്‍ ഓരം ചേര്‍ത്ത് നിര്‍ത്തിയിട്ടിരുന്ന ടാങ്കര്‍ ലോറിക്ക് പിന്നില്‍ കാര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ അന്വേഷണം ആരംഭിച്ച് പോലീസ്. അപകടത്തിന്റെ കാരണം എന്തെന്നത് അന്വേഷിച്ചു വരുന്നതായി ചോമ്പാല പോലീസ് വടകര ഡോട് ന്യൂസിനോട് പറഞ്ഞു.

തിങ്കളാഴ്ച്ച പുലര്‍ച്ചെ 3.40 ഓടെയായിരുന്നു അപകടം നടന്നത്. സംഭവത്തില്‍ തലശ്ശേരി അതിരൂപതയിലെ ഫാദര്‍ അബ്രഹാം (മനോജ്) പോള്‍ ഒറ്റപ്ലാക്കല്‍ മരിക്കുകയും കൂടെ ഉണ്ടായിരുന്ന മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

കോട്ടയത്ത് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന കാര്‍ റോഡ് സൈഡില്‍ നിര്‍ത്തിയിട്ട ഗ്യാസ് ടാങ്കര്‍ ലോറിക്ക് പിന്നില്‍ ഇടിക്കുകയായിരുന്നു. അപകടത്തില്‍പെട്ട് കാറില്‍ കുടുങ്ങി കിടന്നവരെ വടകരയില്‍ നിന്ന് എത്തിയ അഗ്നിരക്ഷാ സേനയും ചോമ്പല പോലീസും യാത്രക്കാരും ചേര്‍ന്നായിരുന്നു രക്ഷപെടുത്തിയത്. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്നു.

ദേശിയ പാതയിലെ സ്ഥിരം അപകടമേഖലയിലാണ് ഇന്നത്തെ അപകടവും നടന്നിരിക്കുന്നത്. മുക്കാളിയിലെ ഈ സ്ഥലത്ത് മുന്‍പും അപകടങ്ങള്‍ നടന്നിട്ടുള്ളതായി നാട്ടുകാര്‍ പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തിന് സീനിയര്‍ ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ വി.കെ ബാബു നേതൃത്വം നല്‍കി. അനില്‍ കെ, സുബാഷ്.പി.എം, സുബൈര്‍, കെ റിജീഷ് കുമാര്‍, ആദര്‍ശ് വി.കെ, ഷിജേഷ് ടി, സിബിഷാല്‍, ജിബിന്‍ ടി.കെ, ഹോംഗാര്‍ഡ് സത്യന്‍ എന്‍ എന്നിവരും പങ്കെടുത്തു