രോ​ഗത്തോട് പൊരുതിയത് നീണ്ട അഞ്ച് വർഷം, കളി ചിരികളുമായി ഇനി ഋതുദേവില്ല; വളയത്തെ കുരുന്നിന് കണ്ണീരോടെ യാത്രാമൊഴിയേകി നാട്


വളയം: ഋതുദേവിന്റെ കുരുന്ന് ജീവന്‍ തിരിച്ചുപിടിക്കാനാകാതെ വിതുമ്പി നാട്. ലുക്കീമിയ ബാധിച്ച്  ചികിത്സയിലായിരുന്ന പാറപ്പുറത്ത് ഋതുദേവ് എന്ന പതിനൊന്ന് വയസ്സുകാരന്റെ അപ്രതീക്ഷിത വിയോഗമാണ് ഒരു നാടിനെ മുഴുവന്‍ നീറുന്ന നൊമ്പരത്തിലാഴ്ത്തിയത്.

2018 ല്‍ ചുഴലി ഗവ.സ്കൂള്‍ വിദ്യാര്‍ഥിയായിരിക്കെ രോഗം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ അഞ്ച് വര്‍ഷമായി ആന്ധ്രയിലെ വെല്ലൂർ മെഡിക്കൽകോളേജില്‍ ചികിത്സയിലായിരുന്നു. ഋതുദേവിന്റെ ജീവന്‍ തിരിച്ചുപിടിക്കാന്‍ കർമസമിതി രൂപവത്കരിച്ച് ചികിത്സയ്ക്കാവശ്യമായ പണം കണ്ടെത്താന്‍ ഒരു നാട് മുഴുവന്‍ ഒറ്റക്കെട്ടായാണ് കൂടെ നിന്നത്. ചികിത്സയ്ക്കായി നാട്ടുകാരുടെ നേതൃത്വത്തിൽ 30 ലക്ഷത്തോളം രൂപ സമാഹരിക്കുകയും ചെയ്തു. എന്നാല്‍ എല്ലാ പ്രതീക്ഷകളെയും അസ്ഥാനത്താക്കി ഋതുദേവ് യാത്രയായി.

കഴിഞ്ഞ ദിവസം പനി മൂര്‍ച്ചിച്ചതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെ കടുത്ത ന്യൂമോണിയാബാധയെത്തുടര്‍ന്ന് മരണപ്പെടുകയായിരുന്നു.

നിറമിഴികളോടെയാണ് ബന്ധുക്കളും നാട്ടുകാരും ഋതുദേവിന് വിട നല്‍കിയത്. സ്ഥിരമായി ക്ലാസില്‍ വരാന്‍ കഴിയാറില്ലെങ്കിലും തങ്ങളുടെ പ്രിയ വിദ്യാര്‍ഥിയെ അവസാനമായി ഒരു നോക്ക് കാണാന്‍ വളയം യു.പി സ്കൂളിലെ അധ്യാപകരും എത്തിച്ചേര്‍ന്നു.

വെല്ലൂരിലെ ചികിത്സ തുടങ്ങിയ ശേഷം ഋതുദേവിന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടായിരുന്നതായും അവന് ജീവിതത്തിലേക്ക് തിരിച്ചുവരാന്‍ സാധിക്കുമെന്ന് എല്ലാവര്‍ക്കും പ്രതീക്ഷ ഉണ്ടായിരുന്നതായും  ചുഴലി വാര്‍ഡ് മെമ്പര്‍ വിജേഷ് കൂരിക്കണ്ടി വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

ഞായറാഴ്ച വൈകുന്നേരം നാല് മണിക്ക് സംസ്ക്കാരം നടന്നു. ഋതുദേവിന്റെ വിയോഗത്തിൽ ചുഴലിയിൽ ചേർന്ന സർവകക്ഷിയോഗത്തില്‍ ഗ്രാമപ്പഞ്ചായത്തംഗം കെ.കെ. വിജേഷ് അധ്യക്ഷനായി. വി.പി.ശശിധരൻ, ടി.എൻ.രവീന്ദ്രൻ, എൻ.പി. ബാബു, കെ.കെ.കുമാരൻ, കെ.ദിനേശൻ, പി.കെ.ഗോവിന്ദൻ, കെ.പി.പ്രകാശൻ, വി.കെ.അനില എന്നിവർ അനുശോചനമര്‍പ്പിച്ച് സംസാരിച്ചു.

പാറയുള്ള പറമ്പത്ത് റോഷന്‍, സീന ദമ്പതികളുടെ മകനാണ്. സഹോദരന്‍: ഋതുനന്ദ്.