വടകര കറുകപ്പാലം സ്വദേശിയായ വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; രണ്ടാം പ്രതിയും പോലീസ് പിടിയില്‍


വടകര: കറുകപ്പാലം താമസിക്കുന്ന വീട്ടമ്മയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തൻ ശ്രമിച്ച കേസില്‍ രണ്ടാം പ്രതി പോലീസ് പിടിയില്‍. പൊന്ന്യം പാറപ്പുറത്ത് നാരോനില്‍ ഷംജിത്തിനെയാണ്‌ വടകര പോലീസ് അറസ്റ്റ് ചെയ്തത്‌. കേസില്‍ ഒന്നാം പ്രതിയായ കതിരൂര്‍ പൊന്ന്യം തെക്കേ തയ്യില്‍ റംഷാദ് എം.കെയെ മുന്ന് ദിവസം മുമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

കൂട്ടു പ്രതികള്‍ക്കായുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് പന്തക്കലില്‍ വച്ച് രണ്ടാം പ്രതിയെ കസ്റ്റഡിയിലെടുക്കുന്നത്. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി. 2023 ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. ഒന്നാം പ്രതിയായ റംഷാദിന്റെ മുന്‍ഭാര്യയുടെ അമ്മയാണ് കേസിലെ പരാതിക്കാരി കറുകപ്പാലം താമസിക്കുന്ന ഇവരെ പ്രതികള്‍ ബോംബെറിഞ്ഞ് പരിക്കേല്‍പ്പിക്കുയായിരുന്നു. സംഭവത്തിൽ അന്ന് തന്നെ വടകര പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

പരാതിക്കാരിയുടെ മകൾ ഒന്നാം പ്രതിയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം ബന്ധം ഒഴിവാക്കി മറ്റൊരു വിവാഹം കഴിച്ചതിൻ്റെ വിരോധത്തിലാണ് ഒന്നാം പ്രതി രണ്ടാം പ്രതിയുടെ സഹായത്തോടെ കൃത്യം നിർവ്വഹിച്ചത്. കൃത്യം നടത്താൻ ഉപയോഗിച്ച ബൈക്കും പോലിസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.

അന്വേഷണ സംഘത്തിൽ ഇൻസ്പെക്ടർ ടി.പി.സുമേഷിനെ കൂടാതെ എസ്.സി.പി.ഒ മാരായ ഗണേശൻ, റിനീഷ് കൃഷ്ണ, രാജേഷ് സിവിൽ പോലിസ് ഓഫിസർമാരായ ബിജേഷ്. ഷാജി എന്നിവരും ഉണ്ടായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കും. തലശ്ശേരിയില്‍ വച്ച് അറസ്റ്റ് ചെയ്ത ഒന്നാം പ്രതിയെ വടകര കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തിരിക്കുകയാണ്.