വയനാട് കമ്പമലയിൽ മാവോവാദികളും തണ്ടർബോൾട്ടും തമ്മിൽ ഏറ്റുമുട്ടൽ; ആക്രമണം തെരച്ചിലിനിടെ


മാനന്തവാടി : വയനാട് തലപ്പുഴ കമ്പമലയി‍ൽ മാവോയിസ്റ്റ് തണ്ടർബോൾട്ട് ഏറ്റുമുട്ടൽ. ചൊവ്വാഴ്ച രാവിലെ പ്രദേശത്ത് തെരച്ചിൽ നടത്തുന്നതിനിടെ ആയിരുന്നു ഏറ്റുമുട്ടലുണ്ടായത്. ഒമ്പത് റൗണ്ട് വെടിവെയ്പുണ്ടായെങ്കിലും ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് ലഭിക്കുന്ന വിവരം.

കഴിഞ്ഞയാഴ്ച്ച സിപി മൊയ്തീന്റെ നേതൃത്വത്തിൽ നാലു മാവോവാദികൾ കമ്പമലയിൽ എത്തുകയും വോട്ടെടുപ്പ് ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തൊട്ടുപിന്നാലെ മുതൽ തണ്ടർബോൾട്ട് പ്രദേശത്ത് തെരച്ചിൽ നടത്തിക്കൊണ്ടിരിക്കുകയായിരുന്നു. എന്നാൽ തെരഞ്ഞെടുപ്പായതിനാൽ തെരച്ചിൽ കാര്യക്ഷമമായി നടത്താൻ സാധിച്ചില്ല. അതിനിടയിലാണ് സമീപത്ത് ഇവരുടെ സാന്നിദ്ധ്യമുണ്ടെന്ന് ഉറപ്പാക്കിയ തണ്ടർബോൾട്ട് ഇന്നലെ രാത്രിയും ഇന്ന് പുലർച്ചെയുമായി പരിശോധന നടത്തിയത്. തുടർന്നാണ് ഇപ്പോൾ ഏറ്റുമുട്ടലുണ്ടായിരിക്കുന്നത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ മാസത്തിൽ മാവോവാദി സംഘമെത്തി കമ്പമലയിൽ പ്രവർത്തിക്കുന്ന വനം വികസന കോർപ്പറേഷൻ മാനന്തവാടി ഡിവിഷണൽ മാനേജരുടെ ഓഫീസ് തകർക്കുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. സായുധരായ അഞ്ചംഗ സംഘമാണ് തൊഴിലാളികൾക്ക് ഐക്യദാർഢ്യമെന്ന പേരിൽ ഓഫീസിൽ നാശം വരുത്തി മടങ്ങിയിരുന്നത്.