‘കാശ്മീർ- ഹെവന്‍ ഓൺ എർത്ത്’; കൊച്ചിയില്‍ നിന്ന് ഫ്ലൈറ്റ് ടിക്കറ്റ് അടക്കം മോഹിപ്പിക്കുന്ന കാശ്മീര്‍ യാത്രാ പാക്കേജുമായി ഐആർസിടിസി


കൊച്ചി: ചുവന്ന് തുടുത്ത ആപ്പിളും കടിച്ച് അങ്ങിങ്ങായി മേഞ്ഞ് നടക്കുന്ന ചെമ്മിരയാടിന്‍പറ്റത്തെയും നോക്കിക്കൊണ്ട് കാശ്മീര്‍ താഴ്വരകളിലെ തണുപ്പിലൂടെ കമ്പിളിക്കുപ്പായവുമിട്ട് നടക്കുന്ന നിമിഷങ്ങള്‍ സിനിമയിലെ മനോഹരമായ രംഗം പോലെ മനസിലേക്ക് കടന്നുവരാറില്ലേ. എന്നാല്‍  ഭൂമിയിലെ  സ്വര്‍ഗത്തിലേക്ക് പോവാന്‍ ഒരുങ്ങിക്കോളൂ. കാശ്മീരിലേക്ക് ഏറ്റവും ആകര്‍ഷകമായ ഒരു യാത്ര ഒരുക്കുകയാണ് ഐആർസിടിസി.

യാത്രയില്‍ ഭക്ഷണത്തെക്കുറിച്ചോ താമസത്തെക്കുറിച്ചോ ഒന്നിനെക്കുറിച്ചുമോര്‍ത്ത് സഞ്ചാരികള്‍ തലപുകക്കേണ്ടതില്ല. എല്ലാം ഐആർസിടിസി നോക്കിക്കോളും. കാശ്മീർ- ഹെവന്‍ ഓൺ എർത്ത് എന്നാണ് ഈ യാത്രാ പാക്കേജിന് പേരിട്ടിരിക്കുന്നത്.  വിമാന ടിക്കറ്റ്, യാത്രയിലെ താമസം, ഭക്ഷണം, മറ്റു യാത്രകൾ എന്നിവയെല്ലാം ഉൾപ്പെടുന്ന ഒരു യാത്രയാണ് ഇതെന്നതാണ് ഏറെ അത്ഭുദകരമായ കാര്യം. അഞ്ച് രാത്രിയും ആറ് പകലും നീളുന്ന യാത്രയിൽ കാശ്മീരിലെ പ്രധാന സ്ഥലങ്ങളിലൂടെയെല്ലാം നമുക്ക് സഞ്ചരിക്കാം.

മാർച്ച് നാലിന് രാവിലെ 9.10 ഓടെ കൊച്ചിയിൽ നിന്ന് പുറപ്പെട്ട് തിരികെ മാര്‍ച്ച് 9ന് രാത്രി 11. 25നുള്ളില്‍ കൊച്ചിയിൽ തിരിച്ചെത്തി വിധത്തിലാണ് യാത്ര ഒരുക്കിയിരിക്കുന്നത്. മൂന്ന് രാത്രിയിൽ ശ്രീനഗറിലെ ഹോട്ടലിലും ഒരു രാത്രി പഹൽഗാമിലും വീണ്ടും ഒരു രാത്രി ശ്രീനഗറിലെ ഹൗസ് ബോട്ടിലുമായാണ് യാത്രികര്‍ക്കുള്ള താമസം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഭക്ഷണം, ഐആർസിടിസി ടൂര്‍ എസ്കോര്‍ട്ടിന്റെ സേവനം, പാക്കേജിലുൾപ്പെട്ട സ്ഥലങ്ങളിലേക്ക് പ്രത്യേക വാഹനത്തിലുള്ള യാത്ര എന്നിവയെല്ലാം ടിക്കറ്റ് നിരക്കില്‍ ഉള്‍പ്പെടും.

കൊച്ചിയിൽ നിന്ന് കാശ്മീരിലെത്തുന്ന ആദ്യദിവസം വിശ്രമത്തിനായാണ് മാറ്റിവെക്കുന്നത്. അടുത്ത ദിവസങ്ങളിലായി  ഗുൽമാർഗ്, പഹൽഗാം, ശ്രീനഗർ, സോനാമാർഗ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും. രണ്ടാമത്തെ ദിവസം സ്വർണ്ണത്തിന്‍റെ പുൽമേട് എന്നറിയപ്പെടുന്ന സോനമാർഗിലേക്കാണ് പോയി പകൽ മുഴുവൻ അവിടെ ചെലവഴിച്ച് രാത്രിയോടെ തിരികെ ശ്രീനഗറിലേക്ക് മടങ്ങാനാണ് പദ്ധതി.

മൂന്നാമത്തെ ദിവസം ഗുൽമാർഗിലേക്കാണ് പോവേണ്ടത്. രാവിലെ ഇതിനായി ശ്രീനഗറിൽ നിന്നിറങ്ങും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള കേബിൾ കാറിൽ സഞ്ചരിക്കുന്നതിനുള്ള സൌകര്യവും ഇവിടെ ഉണ്ടായിരിക്കും എന്നാല്‍ ഇതിന് കൊടുക്കേണ്ട തുക ഓരോ വ്യക്തികളും എടുക്കണം. അത് പാക്കേജ് ചാര്‍ജില്‍ ഉള്‍പ്പെടില്ല.

നാലാമത്തെ ദിവസം പഹൽഗാം എന്ന ഇടയന്മാരുടെ താഴ്‌വരയിലേക്കാണ് യാത്രാസംഘം പോവുക. കുങ്കുമപ്പാടങ്ങൾ, അവന്തിപൂർ അവശിഷ്ടങ്ങള്‍, പഹൽഗാമിലെ ബേതാബ് വാലി, ചന്ദൻവാരി, അരു വാലി എന്നിങ്ങനെ നീളുന്നതാണ് അവിടുത്തെ ആകര്‍ഷണങ്ങള്‍.  അഞ്ചാമത്തെ ദിവസം ശ്രീനഗറിലേക്ക് മടങ്ങി ശങ്കരാചാര്യ ക്ഷേത്രം, ഹസ്രത്ബാൽ ദേവാലയം എന്നിവിടങ്ങള്‍ സന്ദര്‍ശിച്ച് വൈകിട്ട് ഹൗസ് ബോട്ടിൽ കയറാം. തടാകത്തിന് മുകളിലൂടെ ശിക്കാര സവാരി,ഹൗസ് ബോട്ടിൽ അത്താഴവും രാത്രി താമസവും എന്നിവയാണ് തുടര്‍ന്നുള്ള കാര്യങ്ങള്‍.

നിങ്ങള്‍ തിരഞ്ഞെടുക്കുന്ന പാക്കേജ് അനുസരിച്ച് ടിക്കറ്റ് നിരക്കില്‍ മാറ്റമുണ്ടാവും. സിംഗിൾ ഒക്യുപൻസിയിൽ ഒരാൾക്ക് 48,440/- രൂപയാണ്. രണ്ടു പേർ കൂടി യാത്ര ചെയ്യുന്ന ഡബിൾ ഒക്യുപൻസിയിൽ ഒരാൾക്ക് രൂപയും 44,270/- മൂന്നുപേര് കൂടിയാണ് ടിക്കറ്റെങ്കിൽ ഒരാൾക്ക് രൂപയുമാണ് 43,070 നിരക്ക്. കിടക്ക ആവശ്യമുള്ള കുട്ടികള്‍ക്കുള്ള ടിക്കറ്റിന്(അഞ്ചു വയസു മുതല്‍ 11 വയസുവരെ) 35,600/-രൂപയും കിടക്ക ആവശ്യമില്ലെങ്കില്‍ കുട്ടികളുടെ ടിക്കറ്റ് നിരക്ക് 33,220 രൂപയും 2-4 പ്രായത്തിലുള്ള കുട്ടികൾക്ക് 28,360/- രൂപയുമാണ് നിരക്ക്. ആകെ 29 പേർക്കാണ് ഈ യാത്രയിൽ പങ്കെടുക്കാൻ സാധിക്കുക. പോകാനാഗ്രഹിക്കുന്നവർക്ക് സീറ്റുകൾ ബുക്ക് ചെയ്യുന്നതിനായി. 8287932117, 8287932082, 8287932064, 8287932098,8287932095 എന്നീ ഫോൺ നമ്പറുകളില്‌ ബന്ധപ്പെടാം.