വടകര സിറ്റി ടവറിലെ മൊബൈല്‍ ഷോപ്പില്‍ വീണ്ടും മോഷണം; പണവും ഫോണും മോഷ്ടിച്ചു, മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കാണാം


വടകര: വടകര ലിങ്ക് റോഡിലെ സിറ്റി ടവറില്‍ പ്രവര്‍ത്തിക്കുന്ന ഫ്യൂച്ചര്‍ മൊബൈല്‍ ഷോപ്പില്‍ മോഷണം. റിപ്പയര്‍ ചെയ്യാനും മറ്റുമായി നല്‍കിയ 45 ഓളം മൊബൈല്‍ ഫോണുകളും കടയില്‍ സൂക്ഷിച്ച 1.75 ലക്ഷം രൂപയും നഷ്ടമായി. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ വടകര ഡോട്ട് ന്യൂസിന് ലഭിച്ചു.

പുലര്‍ച്ചെ 2.43 ന് കടയിലേക്ക് മോഷ്ടാക്കള്‍ വരുന്നതും 2.51 ഓടെ തിരിച്ചുപോകുന്നതും ദൃശ്യങ്ങളില്‍ കാണാം. സമീപത്തെ കടയുടെ സിസിടിയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. രണ്ട് പേരാണ് ദൃശ്യത്തിലുള്ളത്. വടകര പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കൊയിലാണ്ടി പാറപ്പിള്ളി സ്വദേശി റിനീഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. കടയുടെ പൂട്ട് തകര്‍ത്തിട്ടില്ല. ഷട്ടര്‍ വലിച്ചാണ് മോഷണം നടത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുമ്പ് ഇതിന് തൊട്ടടുത്തുള്ള സെല്‍ വേള്‍ഡ്, കോട്ടക്കല്‍ എന്നീ മൊബൈല്‍ ഷോപ്പുകളിലും മോഷണം നടന്നിരുന്നു. തൊട്ടടുത്ത ദിവസം പ്രതിയെ പിടികൂടിയെങ്കിലും തൊണ്ടി മുതല്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഈ കേസുകളില്‍ നഷ്ടപരിഹാരമൊന്നും ഉടമയ്ക്ക് കിട്ടിയിട്ടില്ലെന്ന് വ്യാപാരികള്‍ പറയുന്നു.

പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു. ദൃശ്യങ്ങള്‍ വ്യക്തമല്ലെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.